കുന്തീതനയനവൻ വെന്തുപോയെന്നാകിലോ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
കുന്തീതനയനവൻ വെന്തുപോയെന്നാകിലോ
ചിന്തിച്ചാലുണ്ടാക്കാമല്ലോ !
ഹന്ത സന്താപമിതു ചിന്തിക്കവേണ്ട ചെറ്റും
പൂന്തേന്മൊഴിയേ പാർവ്വതി !
 
അന്തികെ നീയും കൂടെ ചന്തമോടു പോരേണം
സന്താനവല്ലി ബാലികേ !
സന്തോഷമോടു ചില സാന്ത്വനവാക്കുകൊണ്ടു
ശാന്തനാക്കുവാനായെന്നെ.
അർത്ഥം: 

കുന്തീപുത്രനായ അവൻ വെന്തുപോവുകയാണെങ്കിൽ, വിചാരിച്ചാൽ പുനസൃഷ്ഠിക്കാമല്ലോ. കഷ്ടം! അതുചിന്തിച്ച് ഒട്ടും സങ്കടം വേണ്ട. പൂന്തേൻമൊഴിയേ, പാർവ്വതീ, കല്പവൃക്ഷശാഖയ്ക്ക് സമാനയായവളേ, ബാലികേ, സന്തോഷത്തോടെ ചില സാന്ത്വനവാക്കുകൾ കൊണ്ട് എന്നെ നന്നായി ശാന്തനാക്കുവാനായി നീയും എന്റെ കൂടെ പോരേണം.

അരങ്ങുസവിശേഷതകൾ: 
പദശേഷം ആട്ടം-
കാട്ടാളൻ:'ഇനി ആ വലിയ പന്നിയുടെ പുറകെ അർജ്ജുനൻ തപസ്സുചെയ്യുന്ന സ്ഥലത്തേയ്ക്ക് പെട്ടന്ന് പോവുകതന്നെ'
(താളം-പഞ്ചാരി)
ആയുധധാരിയായി കാട്ടാളനും ഒപ്പം കാട്ടാളസ്ത്രീയും പഞ്ചാരിമേളത്തിന് ചുവടുകൾ വെച്ചുകൊണ്ട് പിന്നിലേയ്ക്കുനീങ്ങി നിഷ്ക്രമിക്കുന്നു.
 
തിരശ്ശീല