പുറപ്പാട്

രാഗം: 
ആട്ടക്കഥ: 

ആസീദസീമഗുണവാരിനിധിര്യശോഭി-
രാശാവകാശമനിശം വിശദം വിതന്വന്‍
ബാഹാബലാനലഹുതാഹിത ഭുമിപാലോ
രാജാ വിരാട ഇതി വിശ്രുതനാമധേയ‍

ഭൂമിപാല ശിഖാമണി ഭൂമിധരവീരന്‍
ശ്രീമാന്‍ മാത്സ്യമഹീപതി ധീമാന്‍ ധര്‍മ്മശീലന്‍
ശൌര്യശാലികളാം മന്ത്രിവര്യരോടും കൂടി
കാര്യചിന്തനവും ചെയ്തു വീര്യവാരാനിധി
പ്രാജ്യവിഭവങ്ങള്‍ തന്നാല്‍ രാജമാനമാകും
രാജ്യപാലനവും ചെയ്തു പൂജ്യപൂജാപരന്‍
മല്ലമിഴിമാരാം നിജ വല്ലഭമാരോടും
മുല്ലബാണരൂപന്‍ പുരേ ഉല്ലാസേനവാണു

 

അർത്ഥം: 

അതിരില്ലാത്ത ഗുണസമുദ്രമായിട്ടുള്ളവനും കീര്‍ത്തിയാല്‍ ദിക്കുകളെ വെളുപ്പിക്കുന്നവനും കരബലമാകുന്ന അഗ്നിയില്‍ ശത്രുരാജാക്കന്മാരെ ഹോമിച്ചവനും ആയി വിരാടന്‍ എന്നൊരു രാജാവ് ഉണ്ടായിരുന്നു.

രാജാക്കന്മാരുടെ മൌലീരത്നവും വീരനും ഐശ്വര്യമുള്ളവനും വീര്യസമുദ്രവും സജ്ജനസേവാതല്പരനും ബുദ്ധിമാനും ധര്‍മ്മശീലനും കാമാസ്വരൂപനും ആയ മാത്സ്യരാജാവ് വിരാടന്‍ ശൂരന്മാരായ മന്ത്രിമാരോടുകൂടി കാര്യാലോചനചെയ്ത് വിഭവസമൃദ്ധമായ രാജ്യം പാലിച്ചുകൊണ്ട് സുന്ദരികളായ ഭാര്യമാരോടുകൂടി സന്തോഷത്തോടെ വാണു.