തിരുവല്ല ഗോപിക്കുട്ടൻ നായരുമായി അഭിമുഖം

Thiruvalla Gopikkuttan Nair

പ്രശസ്ത കഥകളിസംഗീതജ്ഞനായ തിരുവല്ല ഗോപിക്കുട്ടൻ നായരുമായി ഡോ. ഏവൂർ മോഹൻദാസ് നടത്തുന്ന അഭിമുഖം.

ചോദ്യം: നമസ്ക്കാരം. താങ്കൾ ഒരു കഥകളിഗായകനായ വഴി ഒന്ന് ചുരുക്കി പറയാമോ?

ഉത്തരം: ഞാന്‍ ആദ്യം കഥകളി നടനായിരുന്നു. കണ്ണഞ്ചിറ രാമന്‍പിള്ള ആശാനില്‍ നിന്നും കഥകളി അഭ്യസിച്ചു. രാമന്‍പിള്ള ആശാന്റെ ഹനുമാന് കിങ്കരനായും ചെന്നിത്തലയുടെ ശ്രീരാമന്റെ കൂടെ ലക്ഷ്മണനായും മടവൂരിന്റെ കൂടെ സ്ത്രീവേഷമായുമൊക്കെ വേഷമിട്ടു. മൂന്നു നാലു വര്‍ഷങ്ങള്‍ അങ്ങിനെ കഴിഞ്ഞു. ഞാന്‍ നല്ലതുപോലെ പാടുമായിരുന്നു. തിരുവല്ലയില്‍ സ്കൂള്‍യുവജനോത്സവമേളയില്‍ ഞാന്‍ പാടുന്നത്  പ്രസിദ്ധ കഥകളി സംഗീതജ്ഞൻ തിരുവല്ല ചെല്ലപ്പന്‍ പിള്ളയാശാന്‍ (ഇറവങ്കര ഉണ്ണിത്താന്മാരുടെ സഹഗായകൻ) കേട്ടിട്ട് എന്നെ കഥകളി സംഗീതം പഠിപ്പിക്കണമെന്ന് അച്ഛനോട് പറഞ്ഞു. കഥകളി പാട്ട് പഠിക്കണം എന്ന് എനിക്കും മോഹമുണ്ടായിരുന്നു. ചെല്ലപ്പന്‍പിള്ളയാശാനിൽ  നിന്നും പാട്ടു പഠിച്ചാണ് ഞാന്‍ അരങ്ങില്‍ പാട്ടുകാരനായത്. അതിനുശേഷം എട്ടൊമ്പത് വർഷം നീലമ്പേരൂർ കുട്ടപ്പപ്പണിക്കരോടൊപ്പം പാട്ട് പഠിക്കയും പാടുകയും ചെയ്തു.എന്റെ പാട്ടിനു ഇറവങ്കര നീലകണ്ഠന്‍ ഉണ്ണിത്താന്റെ പാട്ടിന്റെ ശീലമുണ്ടെന്നു പല മഹാനടന്മാരും പറഞ്ഞു കേള്‍ക്കുമ്പോള്‍ ഞാന്‍ അഭിമാനം കൊള്ളുമായിരുന്നു.

ചോദ്യം: തെക്കന്‍ ചിട്ടയിലും വടക്കന്‍ ചിട്ടയിലും പാട്ടിനു എന്തെങ്കിലും വ്യത്യാസങ്ങൾ ഉണ്ടോ?

ഉത്തരം: വടക്കരുടെ പാട്ടില്‍ അവരുടെ ഭാഷ ഉച്ചരിക്കുന്ന രീതിയുടെ  സ്വാധീനം ഉണ്ട്. ഉച്ചാരണ ശുദ്ധിയില്ല. തിരുവിതാംകൂര്‍ ഭാഷയാണ്‌ ശുദ്ധമലയാളം. ഇവിടുത്തെ പാട്ടില്‍ അക്ഷരങ്ങള്‍ തെളിച്ച് ശുദ്ധിയോടെയാണ് പാടുന്നത്.

ചോദ്യം: വടക്കൻ ചിട്ടയിലെ ഗായകര്‍ ഇവിടെ വന്നു പാടി തുടങ്ങിയത് മുതല്‍ തെക്കന്‍ചിട്ടയിലെ പാട്ടിന്റെ രീതിക്കും ആട്ടത്തിനും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടോ?

ഉത്തരം: ഉണ്ട്. ധാരാളം വ്യത്യാസങ്ങൾ സംഭവിച്ചിട്ടുണ്ട്. തെക്കന്‍ ചിട്ടയിലെ പാട്ടിന്റെ ബലം അതിന്റെ അക്ഷര ശുദ്ധിയും സോപാന സമ്പ്രദായത്തിലുള്ള ആലാപനരീതിയുമായിരുന്നു. വടക്കൻ പാട്ടിൽ, പ്രത്യേകിച്ച് കലാമണ്ഡലക്കാരുടെ പാട്ടിൽ, കർണ്ണാടക സംഗീതത്തിന്റെ അതിപ്രസരം ഉണ്ട്. അത് കേൾക്കാൻ  ഇമ്പമുള്ളതാണ്. പക്ഷെ കഥകളി സംഗീതം പ്രധാനമായും കേൾക്കാനുള്ളതല്ല,  നടന് ആടാനുള്ളതാണ്. നടന്റെ ഭാവത്തെ പൊലിപ്പിക്കുകയാണ് കഥകളിപ്പദാലാപനത്തിന്റെ പ്രഥമ ധർമ്മം. പക്ഷെ ഇന്ന് കഥകളിപ്പദം എങ്ങിനെ വേണമെങ്കിലും പാടാം എന്നായി. പല അബദ്ധങ്ങളും പാട്ടില്‍ കടന്നു കൂടിയിട്ടുണ്ട്.

ഇനി മറ്റൊരു കാര്യം പറയാനുള്ളത് മേളക്കാരെക്കൊണ്ടുള്ള ശല്യമാണ്. വടക്കരുടെ ആട്ടത്തിൽ ഇതൽപ്പം കൂടുതലാണ്. മദ്ദളക്കാരാണ് കൂടുതല്‍ ശല്യം ഉണ്ടാക്കുന്നത്‌. ശ്രുതിപോലും കേള്‍ക്കാന്‍ സമ്മതിക്കാത്ത വിധത്തിലാണ് ശബ്ദശല്യം. അരങ്ങിൽ കഥകളിയെ നയിക്കേണ്ട പാട്ട് മേളബഹളങ്ങൾ കാരണം കഷ്ടപ്പെടുമ്പോൾ അത് ബാധിക്കുന്നത് നടന്റെ ആട്ടത്തെയാണ്. വളരെ കൂലങ്കഷമായി കഥകളി കാണുന്നവരുടെ കാര്യമാണേ ഞാൻ ഈ പറഞ്ഞതെല്ലാം. അല്ലാത്തവർക്ക് പാട്ടും മേളവും എല്ലാം കൂടിയുള്ള ഇപ്പഴത്തെ ബഹളമാണിഷ്ടം. അതിനു തെക്കന്നും വടക്കെന്നുമുള്ള വ്യത്യാസമൊന്നും ഇല്ല.

ചോദ്യം: ഇപ്പറഞ്ഞതൊന്നു കൂടി വിശദമാക്കാമോ?

ഓഹോ? ഒരുദാഹരണം പറയാം. മഹാനുഭാവന്മാരായ വെങ്കിച്ചന്‍ സ്വാമിയും ഇറവങ്കര നീലകണ്ഠന്‍ ഉണ്ണിത്താനും കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശനും തിരുവനന്തപുരത്തു കൊട്ടാരം കളിക്ക് പങ്കെടുക്കുന്നു. കോട്ടയം കഥകളും നളചരിതവും മാറിമാറിയാണ് പത്തു ദിവസം അവതരിപ്പിക്കുക. ആദ്യ ദിവസം വെങ്കിച്ചന്‍ സ്വാമി കിർമ്മീരവധം പാടി. രണ്ടാം ദിവസം നീലകണ്ഠന്‍ ഉണ്ണിത്താന്‍ 'നളനരവരനേവം ഭൂതലം കാത്തു വാഴും' എന്ന്  പാടിക്കഴിഞ്ഞപ്പോള്‍ സദസ്യര്‍ ചോദിച്ചത്രെ 'കഥകളി പാട്ടില്‍ അക്ഷരങ്ങള്‍ ഉണ്ടോ' എന്ന്. അത്ര അക്ഷരശുദ്ധിയായിരുന്നു. എന്നോടിത് പറഞ്ഞത്  തകഴി കുട്ടന്‍പിള്ളചേട്ടനാണ്. നളചരിതം നാല് ദിവസങ്ങളും ഉണ്ണിത്താന്‍ പാടിയാല്‍ മതിയെന്ന് സംഘാടകര്‍ നിര്‍ദ്ദേശിച്ചത്രേ. ഇതൊക്കെ ഇപ്പോ ആരോടെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കുമോ?

ചോദ്യം: ചേര്‍ത്തല കുട്ടപ്പക്കുറുപ്പിന്റെ കഥകളി ആലാപനം കേട്ടിട്ടു നാദസ്വരവിദ്വാൻ രാജരത്തിനം പിള്ളൈ  സ്റ്റേജിൽ കയറി അദ്ദേഹത്തെ കെട്ടിപ്പിടിച്ചു 'നീ താൻ മലയാളി' എന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്. എന്തായിരുന്നു അദ്ദേഹത്തിൻറെ പാട്ടിന്റെ പ്രത്യേകത?

ഉത്തരം: ഇന്നേവരെ ഉണ്ടായിട്ടുള്ള കഥകളിഗായകരിൽ ഗാനചക്രവര്‍ത്തി എന്ന പട്ടം ഒരാള്‍ക്കേ ചേരൂ, ചേര്‍ത്തല കുട്ടപ്പക്കുറുപ്പിന്. അദ്ദേഹത്തിന്റെ പാട്ടിനെ പറഞ്ഞു ഫലിപ്പിക്കുവാന്‍ കഴിയില്ല. അത് കേട്ടനുഭവിക്കുവാനുള്ളതാണ്. 'വിജനേ ബത' അദ്ദേഹം പാടിയപ്പോള്‍ തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിന്റെ  ഊട്ടുപുര വിറച്ചു എന്നാണു കാണികള്‍ പറഞ്ഞത്. വേണ്ടിടത്ത് ഭാവം കൊടുത്തും കഥകളി ഗാനത്തില്‍ അതുവരെ ആരും ശീലിച്ചിട്ടില്ലാത്തതുമൊക്കെയായ സംഗതികളാണ് ആ തൊണ്ടയില്‍ നിന്നും വന്നിരുന്നത്. വിശ്വസിക്കുവാന്‍ കഴിയാതെ പലപ്പോഴും നോക്കിയിരുന്നു പോയിട്ടുണ്ട്.

നമ്പീശനാശാനും എനിക്ക് അങ്ങേയറ്റം ബഹുമാനമുള്ള ഗുരുനാഥന്‍ തന്നെ. പക്ഷെ ഇറവങ്കര ഉണ്ണിത്താനും നമ്പീശനും ഇല്ലാത്ത എന്തൊക്കെയോ ദൈവീകസിദ്ധികളുള്ള  ഒരപൂര്‍വഗായകനായിരുന്നു കുട്ടപ്പക്കുറുപ്പ്.

ഒരിക്കല്‍ തിരുവല്ലയിൽ നീലകണ്ഠന്‍ ഉണ്ണിത്താന്‍ പൊന്നാനിയും കുട്ടപ്പക്കുറുപ്പ് ശിങ്കിടിയും. കല്യാണി പാടി ഒരു പിടി പിടിച്ചു കുട്ടപ്പക്കുറുപ്പ്. കയ്യടിയോടെ കയ്യടി. സദസ്സില്‍ നിന്നൊരാള്‍ എഴുന്നേറ്റു വന്ന്‌ ഒരു പുളിയിലക്കരയന്‍ തോര്‍ത്തെടുത്ത് കുറുപ്പിന്റെ തോളിലിട്ടു. ഉണ്ണിത്താന്‍ ചേങ്കില താഴെവെച്ച് ദേക്ഷ്യത്തോടെ ഇറങ്ങിപ്പോയി. കമ്മറ്റിക്കാര്‍ ആ രാത്രിയില്‍ ഒരു കടയുടമയുടെ വീട്ടില്‍ പോയി കട തുറപ്പിച്ചു അതുപോലൊരു തോര്‍ത്ത് വാങ്ങി അദ്ദേഹത്തിനിട്ട് കാല്‍ക്കല്‍ വീണ് അപേക്ഷിച്ച് പാടിപ്പിക്കേണ്ടി വന്നു. കളി ഗംഭീരമാവുകയും ചെയ്തു. അതാണ്‌ കുട്ടപ്പക്കുറുപ്പ്. കഥകളി പദക്കച്ചേരി ആദ്യം തുടങ്ങിയത് ചേര്‍ത്തല കുട്ടപ്പക്കുറുപ്പാണ്. ഞാന്‍ അത് കേട്ടിട്ടുണ്ട്.

ചോദ്യം: സാഹിത്യത്തില്‍ കാണുന്ന പോലെയല്ലാതെ നടന്റെ   ആട്ടത്തിനനുസരിച്ച് പാടുന്ന ഒരു രീതി ഇപ്പോൾ കാണാറുണ്ട്‌.. ഉദാഹരണത്തിന് ഗോപിയാശാന്റെ  നളനു " ഉചിതം ഉചിതം ഉചി"  എന്ന് പാടുന്നത്. അതുപോലെ 'ഉന്നത തപോനിധേ' പോലുള്ള ഭാഗങ്ങളിലെ 'ഉന്നത' ഭാവം കൊടുക്കൽ. എങ്ങിനെ കാണുന്നൂ ഈ പുതിയ രീതികളെ?

ഉത്തരം: ഇതെല്ലാം ശുദ്ധ അസംബന്ധമാണ്. ഉണ്ണായി വാര്യര്‍ 'ഉചി' എന്നെഴുതിയിട്ടില്ല. ഉചിതം എന്നാണ് എഴുതിയിട്ടുള്ളത്. പിന്നെ ഇവര്‍ക്കൊക്കെ ആരാ ഇങ്ങിനെ പാടാന്‍ സ്വാതന്ത്ര്യം കൊടുക്കുന്നത്? ആട്ടക്കഥാസാഹിത്യത്തിലുള്ളത്‌ അക്ഷര ശുദ്ധിയോടെ വ്യക്തമായി പാടുകയാണ് വേണ്ടത്. നടനെ സുഖിപ്പിക്കുന്ന വിധത്തില്‍ പദങ്ങള്‍  മാറ്റി പാടി തുടങ്ങിയത് ഹൈദരാലി ആയിരുന്നു. കഥകളി പാട്ടിലെ നല്ല ഗായകനായിരുന്നു ഹൈദരാലി. അത് പറഞ്ഞേ ഒക്കൂ. പക്ഷെ അങ്ങേരു തുടങ്ങി വെച്ചിട്ടുള്ള അസംബന്ധങ്ങളിലൊന്നിതാണ്-നടനു വേണ്ടി പാട്ടിനെ മാറ്റി കൊടുക്കുക. വലിയ തെറ്റാണ് അയാൾ ചെയ്തത്. ഇപ്പോള്‍ ആ കീഴ്വഴക്കം ഏതാണ്ട് ഉറച്ചു കഴിഞ്ഞിരിക്കകയാണ്.  കഥകളി സംഗീതം മാറി പോവുകയാണ്. കഷ്ടമെന്നല്ലാതെ എന്ത് പറയാന്‍?

ഔചിത്യബോധമില്ലായ്മയാണ് പാട്ടുകാരന്റെ അടുത്ത പ്രശ്നം. 'അതിദാരുണ മരണ'മാണ്, മാരണം അല്ല. മാരണം എന്നാല്‍ കൂടോത്രം എന്നാണു. ദമയന്തിക്കാരും കൂടോത്രം ചെയ്തിട്ടില്ല. അച്ചടി പിശക് കൊണ്ട് ആരെങ്കിലും അങ്ങിനെ പാടിക്കാണും. പക്ഷെ ഒരു കഥകളി പാട്ടുകാരന്‍, താന്‍ പാടുന്ന സാഹിത്യത്തിന്റെ ഔചിത്യമെന്തെന്ന് ഒന്ന് ചിന്തിക്കേണ്ടേ? പുതിയ വിവരദോഷം, ഒരു വട്ടം 'മാരണം' എന്നും അടുത്ത വട്ടം 'മരണം' എന്നും  മാറ്റിമാറ്റി പാടുന്നതാണ്. കേൾവിക്കാരൻ ഇഷ്ടമുള്ളതെടുത്തോട്ടെ! എങ്ങിനെയുണ്ട് കഥ? വാക്കുകളെ മുറിച്ചു പാടുന്നതാണ് അടുത്ത അബദ്ധം. 'ഭഗവൻ നാരദ' പാടുന്നത് 'ഭഗവൻ നാരേ ----- നാരദ'  എന്നാണ്. എന്താണീ നാരേ---നാരദ? 'ആരിഹ വരുന്നതാര്' ഇപ്പോള്‍ 'ആരീ...... ആരിഹ'യും  'ശശി മുഖി വരിക' എന്നത് 'ശശിമുഖി വാ----രിക' ആയിട്ടുണ്ട്‌.'മലയാള മനോരമ' വാരികപോലെ 'ശശിമുഖി' വാരികയും ഉണ്ടോ ആവോ?

ചോദ്യം: പുതിയ തലമുറയിലുള്ള പാട്ടുകാരെക്കുരിച്ച് എന്ത് പറയുന്നു?

ഉത്തരം: പുതിയ  പാട്ടുകാരില്‍ മോഹനകൃഷ്ണൻ, കോട്ടക്കല്‍ മധു, രാജീവന്‍ നമ്പൂതിരി, വിനോദ് എന്നിവര്‍ നല്ല പാട്ടുകാരാണ്. അവര്‍ക്ക് പൊന്നാനി പാടിയിട്ടുണ്ട്. അവരെക്കുറിച്ചോർത്ത് വളരെ അഭിമാനം തോന്നാറുണ്ട്. നല്ല അച്ചടക്കം ഉള്ളവരാണ് അവർ. ശങ്കരൻകുട്ടി എന്നോടൊപ്പം ഇപ്പോൾ പാടാറില്ല. എന്റെ കൂടെയും ശിങ്കിടി പാടി പൊന്നാനിയായ ഗായകനാണയാൾ.എന്റെ കൂടെപ്പാടുന്നത് ഇന്നത്തെ കഥകളി മാർക്കെറ്റിന് ചേർന്നതല്ല എന്നയാൾ ധരിച്ചിരിക്കാം. ഈ 'ചാലോം മാലോം' പാടുന്നതല്ല കഥകളിപ്പാട്ടെന്നു വിശ്വസിക്കുന്ന ഒരാളല്ലേ ഞാൻ. ഇതൊക്കെയാണെങ്കിലും നേരിൽക്കാണുമ്പോളുള്ള സ്നേഹബഹുമാനങ്ങൾക്ക് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല.

ചോദ്യം: ഏതാണ്ട് അഞ്ചു പതിറ്റാണ്ടോളം കഥകളി രംഗത്ത് പ്രവർത്തിച്ചതല്ലേ? കഥകളിയുടെ പൊതുവിഷയങ്ങളെക്കുറിച്ചും താങ്കളെപ്പോലൊരു കലാകാരനിൽ നിന്നും അറിയാൻ പലർക്കും  ആഗ്രഹമുണ്ടാകും. അതുകൊണ്ട് പൊതുവായ ചില ചോദ്യങ്ങൾ കൂടി ചോദിച്ചോട്ടെ?

ഉത്തരം: എനിക്കറിയാവുന്ന കാര്യങ്ങൾ പങ്കുവയ്ക്കുന്നതിൽ സന്തോഷമേയുള്ളൂ. 

ചോദ്യം: ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട കഥകളി നടൻ കലാമണ്ഡലം ഗോപിയാശാനാണല്ലോ? നളചരിതം ഉള്‍പ്പടെയുള്ള കഥകളിലെ ഇദ്ദേഹത്തിന്റെ പച്ചവേഷങ്ങളെ, താങ്കൾ മുന്‍പ് കണ്ടിട്ടുള്ള പച്ച വേഷങ്ങളുമായി ഒന്നു താരതമ്മ്യം ചെയ്തു പറയാമോ?

ഉത്തരം: കലാമണ്ഡലം ഗോപിയില്‍ ഭാവാഭിനയത്തിന് കഴിവുള്ള ഒരു നടനുണ്ട്‌. ഗോപിയുടെ പച്ചവേഷങ്ങൾ വളരെ ഭംഗിയുള്ളതും ആണ്. പക്ഷെ മാങ്കുളത്തിന്റെയോ കൃഷ്ണൻ നായരാശാന്റെയോ പച്ചവേഷങ്ങൾക്ക് സമമല്ല അതെന്നാണ്‌ എന്റെ അഭിപ്രായം. ഒന്നാം ദിവസത്തെ നളനായി മാങ്കുളത്തിനെയും കൃഷ്ണന്‍ നായരാശാനേയും വെച്ച് നോക്കിയാല്‍ ഗോപി ഒന്നുമല്ല എന്ന് ഞാന്‍ പറയും.

ചോദ്യം: പക്ഷെ ഇതല്ലല്ലോ പൊതുജനാഭിപ്രായം?

ഉത്തരം: അതിനു ഇപ്പറയുന്നവർ മാങ്കുളത്തിന്റെയോ കൃഷ്ണൻ നായരാശാന്റെയോ എത്ര പച്ചവേഷങ്ങൾ കണ്ടിട്ടുണ്ട്? അനുഭവസമ്പത്ത് വേണം വല്ലതുമൊക്കെ ആധികാരികമായി പറയാൻ. ഈ പറയുന്നവര്‍ക്കാര്‍ക്കാ അതുള്ളത്‌? ആളുകൾക്കിഷ്ടപ്പെടുന്ന ചില ട്രിക്കുകളും പൊടിക്കൈകളും കാണിക്കുന്നതല്ല രസാഭിനയം. അത് മനസ്സിലാക്കണമെങ്കിൽ കൃഷ്ണൻ നായരാശാന്റെ നളനെ കാണണം.ആ മുഖത്തു നവരസങ്ങൾ മാറി മാറി വരുന്നത് ഒന്ന് കാണേണ്ടത് തന്നെയാണ്. ഗോപി തന്നെ പറയാറുണ്ടല്ലോ, കൃഷ്ണൻ നായരാശാന്റെ നളനെ അൽഭുതപൂർവം നോക്കി നിൽക്കാറുണ്ടായിരുന്നു എന്ന്. കൃഷ്ണന്‍ നായര്‍ ആശാന്‍ ഒരു വലിയ തെറ്റ് ചെയ്തു. വീഡിയോ പിടിക്കാന്‍ സമ്മതിച്ചില്ല. അദ്ദേഹം അന്നത് ചെയ്തിരുന്നുവെങ്കില്‍ ഇന്നത്തെ ജനങ്ങള്‍ക്ക്‌ മനസിലായേനെ, കഥകളി എങ്ങിനെയാണ് കളിച്ചിരുന്നതെന്ന്?

ചോദ്യം: അപ്പൊ താങ്കളുടെ അഭിപ്രായത്തിൽ കൃഷ്ണൻ നായരാശാനാണ് നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഏറ്റവും നല്ല നളനടൻ?

ഉത്തരം: അയ്യോ, അതിനെന്താ ഇത്ര സംശയം? നൂറു ശതമാനം അങ്ങിനെതന്നെയാണ്. ആ മഹാനുഭാവന്റെ കൂടെയുള്ള അരങ്ങനുഭവങ്ങൾ മറക്കാൻ കഴിയില്ല. നിരവധി അരങ്ങുകളിൽ ആ കലാകേസരിയുടെ പിറകിൽ  നിന്ന് പാടാൻ കഴിഞ്ഞത് എന്റെ ജന്മസുകൃതം, അല്ലാതെന്ത്‌? അദ്ദേഹത്തിൻറെ അവസാനത്തെ രണ്ടു പരിപാടികൾക്കും പാടാനുള്ള ഭാഗ്യമുണ്ടായതെനിക്കാണ്. തിരുവനന്തപുരത്തു 'ദൃശ്യവേദി' സംഘടിപ്പിച്ച  'ഹരിശ്ചന്ദ്രചരിതം' രണ്ടുദിവസമായാണ് കളിച്ചത്. ആദ്യദിവസത്തെ വിശ്വാമിത്രനും രണ്ടാം ദിവസത്തെ ചുടലഹരിശ്ചന്ദ്രനും ആശാനായിരുന്നു.പാട്ടുകാരനാരാണെന്നു ചെങ്ങാരപ്പള്ളി അനുജനോട് ചോദിച്ചപ്പോൾ തിരുവല്ല ഗോപിയാണെന്നദ്ദേഹം പറഞ്ഞു. 'മതി, അതുമതി. അവനാണെങ്കിൽ എല്ലാം ഭംഗിയാവും' എന്നദ്ദേഹം പറഞ്ഞത്രേ. ഈ വാക്കുകൾ  ഒരു നിധിപോലെ ഞാനെന്റെ മനസ്സിൽ  സൂക്ഷിച്ചിരിക്കയാണ്. ഇതിൽപ്പരം ഒരംഗീകാരം ഒരു കഥകളി ഗായകന് വേറെന്തു കിട്ടാൻ?

ചോദ്യം: പക്ഷെ വടക്കുള്ള പല കഥകളിപണ്ഡിതന്മാരുടേയും അഭിപ്രായം  രാമൻകുട്ടിയാശാനെയോ ഗോപിയാശാനെയോ പോലെ കഥകളിത്തം തികഞ്ഞ കഥകളി കലാകാരനല്ല കൃഷ്ണൻനായരാശാൻ എന്നാണല്ലൊ?

ഉത്തരം: നമ്മുടെ കാലത്തെ കഥകളിയിൽ കലാസാർവഭൗമൻ എന്ന് വിളിക്കാൻ യോഗ്യതയുള്ള ഒരേ ഒരു കലാകാരനേ ഉണ്ടായിട്ടുള്ളൂ. അത് കൃഷ്ണൻ നായർ ആശാനാണ്. കഥകളിയിലെ ഏറ്റവും സങ്കീർണ്ണമായ  വേഷം മുതൽ ഭീരു എന്ന കോമാളി വേഷം വരെ കെട്ടി ഫലിപ്പിക്കാൻ ഈ ഒരു നടനെ കഴിഞ്ഞിട്ടുള്ളൂ. ചിട്ട വേണ്ടതും വേണ്ടാത്തതുമായ വേഷങ്ങളും  നാട്യധർമ്മിപരവും  ലോകധർമ്മിപരവുമായ ആട്ടങ്ങളും അരങ്ങിന്റെ നിലവാരമനുസരിച്ച് കളിച്ചു ഫലിപ്പിക്കാൻ ഈ ഒരു നടനല്ലാതെ വേറെ ആരുണ്ടായിട്ടുണ്ട്? അതുപോലെ കഥകളിയിലെ എല്ലാ സമ്പ്രദായങ്ങളിലും (കല്ലടിക്കോടൻ, കപ്ലിങ്ങാടൻ, കല്ലുവഴി) കളിക്കാൻ പ്രവീണനായിരുന്ന മറ്റേതൊരു കഥകളി നടനുണ്ട്‌? അതുകൊണ്ടാണ് കലാസാർവഭൗമൻ എന്ന് ഞാൻ വിളിച്ചത്. കഥകളിയിലുള്ള  മറ്റു പ്രസിദ്ധ നടന്മാരെല്ലാം തന്നെ ഏതെങ്കിലും ചില പ്രത്യേക വേഷങ്ങളുടെ പേരിലോ ചിട്ടയുടെ പേരിലോ മാത്രം പേരെടുത്തവരാണ്.അവരൊക്കെ സ്പെഷ്യലിസ്റ്റുകളാണ്. ചില വേഷങ്ങളിൽ അവർ ഗംഭീരമായി ശോഭിക്കും. അത്രമാത്രം.

പിന്നെ കൃഷ്ണൻ നായരാശാനെ കുറ്റം പറയുന്ന കാര്യം. പട്ടി സൂര്യനോട് കുരക്കുന്നത് പോലെയേ ഉള്ളൂ അതൊക്കെ. കുറ്റമില്ലാത്ത മനുഷ്യരില്ലല്ലോ? അതുകൊണ്ട് കൃഷ്ണൻ നായരാശാനും കുറ്റങ്ങൾ കാണും. അല്ലാതെ കഥകളിയിൽ അദ്ദേഹത്തിന്റെ കുറ്റം കണ്ടു പിടിച്ചു വിധി എഴുതാൻ മിടുക്കുള്ളവരാരാ ഇവിടുള്ളത്‌? മിടുക്കന്മാരാകാൻ നോക്കുന്ന ചിലരൊക്കെ കാണും. അതെല്ലാം കഥകളി രാഷ്ട്രീയത്തിന്റെ ഭാഗമാണ്, കഥകളിയുടെ ഭാഗമല്ല. അതൊക്കെ പറയാൻ പോയാൽ തീരില്ല. അത് വേണ്ടാ. ആ വിഷയം അങ്ങിനങ്ങു വിടുന്നതാ അതിന്റെ ഭംഗി. നമുക്ക് വേറെ വല്ല വിഷയവും ചർച്ച ചെയ്യാം.

ചോദ്യം: ഗോപിയാശാന്റെ പച്ചവേഷങ്ങളെക്കുറിച്ചു സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണല്ലോ കൃഷ്ണൻനായരാശാനിലേക്ക് പോയത്? എന്തോ ട്രിക്കുകളും പൊടിക്കൈകളും എന്ന് പറഞ്ഞല്ലോ?

ഉത്തരം: സത്യം പറയാമല്ലോ. ഗോപി കളിക്കുന്നത് നിലവാരമുള്ള കഥകളി അല്ലെന്നാണ് എന്റെ അഭിപ്രായം.അതൊരുതരം നാടകമാണ്. അത് കഥകളിപരമൊന്നും അല്ലെങ്കിലും ഭാവാഭിനയം കൊണ്ട് ആളുകളെ സന്തോഷിപ്പിക്കാൻ അയാള്‍ക്ക്‌ കഴിയും. പക്ഷെ ചില കലാമണ്ഡലം കേമന്മാര്‍ ഗോപിയാണെന്ന് സ്വയം നടിച്ച് അയാളെ അനുകരിക്കുവാന്‍ ശ്രമിക്കുകയാണ്. അനുകരണം അസംബന്ധമായാണ് പലപ്പോഴും വന്നു ഭവിക്കുന്നത്. മര്യാദയ്ക്കു അഭിനയിച്ചു ഫലിപ്പിക്കാവുന്ന പച്ചവേഷങ്ങള്‍ ഗോപിഭ്രമം മൂലം ഈ നല്ല കലാകാരന്മാര്‍ അഭിനയിച്ചു നശിപ്പിക്കുകയാണ്. ഗോപിയുടെ കാലശേഷം ഈ വേഷങ്ങളെല്ലാം ത്രിശങ്കുസ്വര്‍ഗ്ഗത്തിലാകും എന്നത് തീര്‍ച്ചയാണ്.

ചോദ്യം : എന്തു ത്രിശങ്കുസ്വര്‍ഗ്ഗം?

ഉത്തരം: പച്ചവേഷം ആടേണ്ട ആട്ടവും പോയി ഗോപിയെ അനുകരിക്കാന്‍ ശ്രമിച്ച് അതിലും പരാജയപ്പെട്ട് ഒന്നുമല്ലാത്തവരായി ഈ വേഷക്കാരെല്ലാം മാറും എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.  'ഇല്ലത്തൂന്നു പുറപ്പെട്ടു, എന്നാലൊട്ടു അമ്മാത്തെത്തി'യതുമില്ല എന്നതാകും സ്ഥിതി. ഈ അര്‍ത്ഥത്തില്‍ ഗോപിയുടെ ആട്ടരീതികള്‍ കഥകളിക്കു ദോഷം വരുത്തും. ഇത് മനസിലാക്കണമെങ്കില്‍ ഒരു പത്തു വര്‍ഷങ്ങളെങ്കിലും എടുക്കും.

ചോദ്യം: ഗോപിയാശാനോട് എന്തെങ്കിലും വിരോധം ഉണ്ടോ ഇങ്ങനെയൊക്കെ പറയാൻ?

ഉത്തരം: ഏയ്‌.അങ്ങിനെയൊന്നും ഇല്ല. കഥകളി കലാകാരനായ ഗോപിയോട് എനിക്കൊരു വിരോധവുമില്ല. പക്ഷെ ഗോപിയോട് നീരസം തോന്നുന്ന ചില സംഗതികളുണ്ട്‌.

ഇന്ന് കഥകളിയിൽ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന കലാകാരനാണ് ഗോപി. കഥകളിയിൽ മറ്റുള്ളവർക്ക് വഴികാട്ടിയാവേണ്ടയാളാണയാൾ.പക്ഷെ ഇന്നതല്ല നടക്കുന്നത്.അയാൾക്ക്‌ ഇഷ്ടപ്പെട്ട ചുരുക്കം ചില നടന്മാരും പാട്ടുകാരും ഉണ്ട്. നിലവാരമുളള കഥകളി എന്നത് ആ ചുരുക്കം പേരിലേക്ക് ഒതുങ്ങുന്ന സ്ഥിതിയാണിന്ന്.അവരെയല്ലാതെ മറ്റാരെയും വിളിക്കുന്നത്‌ ഗോപിക്കിഷ്ടമല്ല. അപ്പൊ മറ്റുള്ളവരാരും ജീവിക്കേണ്ട എന്നാണോ? കഥകളിയിൽ ഈ അഞ്ചാറു പേരു മാത്രം വലുതായാൽ മതിയോ? ഇത് കഥകളിക്കു ഗുണകരമാണോ? കൂട്ടുവേഷക്കാരെയെല്ലാം ഗോപിക്ക് പുച്ഛമാണ്. അയാള്‍ക്ക്‌ താല്‍പ്പര്യമുള്ള നടന്മാരും പാട്ടുകാരും അല്ലാതെ വേറാരെങ്കിലുമാണ് അരങ്ങിലെങ്കില്‍ ശുദ്ധതോന്ന്യാസമാകും അന്ന് അരങ്ങില്‍ കാണിക്കുന്നത്.ഇത് പല അരങ്ങുകളിലും സംഭവിച്ചിട്ടുണ്ട്. ഇയ്യിടെ കവചകുണ്ഡലം എവിടെ എന്ന് ഒരു സീനിയർ കുന്തി നടൻ ചോദിച്ചു. ഉത്തരം കാണിച്ചത് സാറിനോടു പറയുന്നതു ശെരിയല്ല.  ഇതാണോ കഥകളി? ഇത് കണ്ടല്ലേ അടുത്ത തലമുറ വളരുന്നത്‌? ഗോപിയെക്കൊണ്ട് ഗുണമുള്ള കലാകാരന്മാരും പിന്നെ കുറെ ഗോപി ഫാൻസും ഇതിനെല്ലാം ജയ്‌ വിളിക്കയാണ്. കുടുംബനാഥന് വഴി തെറ്റിയാൽ കുടുംബത്തിന്റെ കാര്യം എന്താകും? 'ഉള്ള കഞ്ഞീൽ പാറ്റാ ഇടെണ്ടാ' എന്ന് വിചാരിച്ചു അമർഷം മനസ്സിലൊതുക്കി കഴിയുകയാണ് പലരും. അവർ ഭയം കാരണം ഒന്നും തുറന്നു പറയുന്നില്ല, ഞാൻ തുറന്നു പറയുന്നു എന്ന വ്യത്യാസം മാത്രം.ഗോപിയുടെ ഈ ഏകഛത്രാധിപത്യത്തോടും അരങ്ങിലെ അമാന്യമായ പെരുമാറ്റങ്ങളോടും എനിക്ക് നീരസം ഉണ്ടെന്നുള്ളതൊരു സത്യമാണ്.

ചോദ്യം: ആശാന്‍ ഗോപിയാശാനു പാടിയിട്ടുണ്ടോ?

ഉത്തരം: സാറ് എന്താണ് ചോദിക്കുന്നത്? എത്രയോ വട്ടം ഞാന്‍ ഗോപിക്ക് പാടിയിരിക്കുന്നു? പക്ഷെ ഇപ്പോള്‍ കുറച്ചുകാലമായി പാടാറില്ല. അദ്ദേഹത്തിനിപ്പോൾ വ്യക്തിപരമായ  ഇഷ്ടാനിഷ്ടങ്ങളും താത്പര്യങ്ങളും ഉണ്ടാകാം.

ചോദ്യം: കലാമണ്ഡലം രാമൻകുട്ടി അശാനു വേണ്ടിയും പാടിയിരിക്കുമല്ലോ? അദ്ദേഹത്തിന്റെ ആട്ടത്തെ എങ്ങിനെ വിലയിരുത്തുന്നു?

ഉത്തരം: തന്റെ ഗുരുനാഥനിൽ നിന്നും പഠിച്ചത് അണുവിട വിടാതെ പിന്തുടർന്ന കലാകാരനാണദ്ദേഹം. നല്ല ഒരു അധ്യാപകനായിരുന്നു. കാലപ്രമാണങ്ങളിൽ സാധാരണ നടന്മാരിൽ കൂടുതൽ കാർക്കശ്യം അദ്ദേഹം കാണിക്കുമായിരുന്നു. ചിട്ട വിട്ടു പ്രവർത്തിക്കുന്നത്‌ അദ്ദേഹത്തിനു ഇഷ്ടമുള്ള കാര്യമല്ല.അദ്ദേഹത്തിൻറെ കത്തി, വെള്ളത്താടി (ഹനുമാൻ), മിനുക്ക്‌ (പരശുരാമൻ) വേഷങ്ങൾ വളരെ നന്നായിരുന്നു. എന്നാൽ പച്ചവേഷങ്ങൾ, പ്രത്യേകിച്ചും ഭാവാഭിനയ പ്രധാനമായ പച്ചവേഷങ്ങൾ, അദ്ദേഹത്തിനു ഒട്ടും തന്നെ ഇണങ്ങുമായിരുന്നില്ല.

ചോദ്യം: രാമൻകുട്ടിയാശാന്റെ കത്തി വേഷങ്ങൾ കഥകളിയിൽ ഉണ്ടായിട്ടുള്ള കത്തി വേഷങ്ങളിൽ ഏറ്റവും ഗംഭീരമായിരുന്നു എന്നൊരഭിപ്രായം പലർക്കും  ഉണ്ട്. തെക്കൻ കത്തിവേഷങ്ങളും മികവുറ്റതായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ധാരാളം കത്തി വേഷങ്ങൾ കണ്ട ആളല്ലേ താങ്കൾ? എങ്ങിനെ വിലയിരുത്തും ഈ അഭിപ്രായങ്ങളെ?

ഉത്തരം: രാമൻകുട്ടിയാശാൻ ഒരു നല്ല കത്തി വേഷക്കാരനായിരുന്നു എന്നുള്ളതിൽ രണ്ടു പക്ഷമില്ല. പക്ഷെ കഥകളി കണ്ട ഏറ്റവും നല്ല കത്തി വേഷക്കാരൻ അദ്ദേഹം ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഗുരു ചെങ്ങന്നൂരും ഹരിപ്പാട് രാമകൃഷ്ണ പിള്ളയും ആണ് കത്തി വേഷത്തിൽ എന്റെ നോട്ടത്തിൽ മികച്ചു നിന്നത്. ഹരിപ്പാട് രാമകൃഷ്ണപിള്ളയുടെ ആ വേഷഭംഗി ഒരു കത്തി വേഷക്കാരനും കിട്ടിയിട്ടും ഇല്ല.

കത്തിവേഷത്തിന്റെ അലർച്ച എന്നത് ഗുരു ചെങ്ങന്നൂരിന്റെയും രാമകൃഷ്ണപിള്ളയുടേതുമായിരുന്നു. രാമൻകുട്ടി നായരെയും ഗുരു ചെങ്ങന്നൂരിനെയും താരതമ്യം ചെയ്യുന്നത് തന്നെ ശെരിയല്ല; കാരണം ഈ രണ്ടു പേരുടെയും ആട്ടസമ്പ്രദായങ്ങളിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്നത് തന്നെ.

ചോദ്യം: രാമൻകുട്ടി ആശാന് പച്ചവേഷങ്ങൾ ചേരില്ല എന്ന് പറഞ്ഞല്ലോ? മുഖാഭിനയത്തിൽ അദ്ദേഹം  മറ്റു പല നടന്മാർക്കും പിന്നിലാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിൻറെ കത്തി, വെള്ളത്താടി, മിനുക്കു  വേഷങ്ങൾ ഗംഭീരമാണ് താനും.ഇതിനർത്ഥം ഈ വേഷങ്ങൾക്ക് മുഖാഭിനയം ആവശ്യമില്ലെന്നാണോ?

അല്ലേ അല്ല. ഇത് മനസ്സിലാക്കണമെങ്കിൽ ഗുരു ചെങ്ങന്നൂരിന്റെ കത്തി വേഷം കാണണം. രാമൻകുട്ടി ആശാന്റെ ആട്ടത്തിന്റെ പല സവിശേഷതകളും കാരണം മുഖാഭിനയത്തിന്റെ കുറവ് അറിയുന്നില്ല എന്നേ  ഉള്ളൂ. മുഖാഭിനയം കൂടി ഉണ്ടായിരുന്നെങ്കിൽ സ്വർണ്ണത്തിനു സുഗന്ധം വച്ചതു പോലെയായേനെ അദ്ദേഹത്തിൻറെ കത്തിവേഷങ്ങളുടെ ഭംഗി.

ചോദ്യം: അപ്പൊ രസാഭിനയത്തിലൂടെ പച്ചക്ക് മാത്രമല്ല കത്തിക്കും അഴക്‌ കൂടും?

എന്താ സംശയം? ഗുരു ചെങ്ങന്നൂരിന്നില്ലല്ലോ? അല്ലെങ്കിൽ ഞാൻ പറഞ്ഞതിന്റെ അർഥം നേരിൽ മനസ്സിലാക്കാമായിരുന്നു. ഹരിപ്പാടനോ പള്ളിപ്പുറമോ ഉണ്ടായിരുന്നെങ്കിലും മതിയായിരുന്നു. ഇനി ഇപ്പൊ ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ?

Thiruvalla Gopikkuttan Nair and Evoor Mohandas

ചോദ്യം: വലിയ ഒരു കഥകളി സംസ്കാരം തെക്കു നിലനിന്നിരുന്നു എന്നാണെനിക്കു മനസിലാകുന്നത്. അതെങ്ങിനെ നമുക്ക് നഷ്ടപ്പെട്ടു?

ഉത്തരം: ഒരു സത്യം പറഞ്ഞേ കഴിയൂ. വടക്കുള്ളവർക്ക് കലയോടും കലാകാരനോടുമുള്ള സ്നേഹാദരങ്ങൾ നിസ്സീമമാണ്. പട്ടിക്കാംതൊടി ഗുരുനാഥനും കല്ലുവഴിചിട്ടയും കോട്ടയം കഥകളും ഒക്കെ അവർക്കവരുടെ അഭിമാനങ്ങളാണ്. ഇവിടെ തെക്കുള്ളവർക്കു അങ്ങിനെയൊന്നുമുള്ള ചിന്തയില്ല. അതിന്റെ അധ:പതനം ഉണ്ടാകണമല്ലോ?

സമസ്തകേരള കഥകളി വിദ്യാലയം എന്ന പേരില്‍ മാങ്കുളം അദ്ദേഹത്തിന്‍റെ വീടിനോട് ചേര്‍ത്ത് ഒരു കഥകളി സ്ഥാപനം ഉണ്ടാക്കി. തെക്കന്‍ ചിട്ട പഠിപ്പിക്കാനായിരുന്നു അത്. ഇഞ്ചക്കാടന്‍ അവിടെ നിന്നും ഉണ്ടായ കലാകാരനാണ്. മാങ്കുളത്തിനു അത് നടത്തി കൊണ്ട് പോകാൻ  ബുദ്ധിമുട്ടുണ്ടാക്കുന്ന പല സാഹചര്യങ്ങളും അവിടെ ഉണ്ടായപ്പോള്‍ അദ്ദേഹം അത് മാർഗ്ഗിയെ ഏല്‍പ്പിച്ചു. അത് വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്താൻ മാർഗ്ഗിയുടെ അന്നത്തെ ഭാരവാഹികൾക്ക് കഴിഞ്ഞില്ല എന്ന് മാത്രമല്ല, അദ്ദേഹത്തിൻറെ മനസ്സിനെ വൃണപ്പെടുത്താൻ പോന്ന പല സംഭവങ്ങളും അവിടെ നടക്കുകയും ഉണ്ടായി. ബ്രാഹ്മണശാപം ബാധിച്ച ആ സ്ഥാപനത്തില്‍ നിന്നും ഒരു വിജയനല്ലാതെ മറ്റാരും ഉണ്ടായില്ല. പിന്നെ കലാഭാരതി എന്ന പേരില്‍ ഗുരു ചെങ്ങന്നൂര്‍ വിളക്ക് തെളിച്ചു ഉത്ഘാടനം ചെയ്ത ഒരു സ്ഥാപനം പകല്‍ക്കുറിയില്‍ ഉണ്ടായി. അത് മടവൂരിന്റെ ആശായ്മയിലാണ് നടന്നത്. അതിന്റെ ഗതിയും നേരത്തെ പറഞ്ഞതിന് തുല്യമായി.

ചോദ്യം: ഇതിപ്പോള്‍ ആരുടെ കുറ്റമാണ് ?

ഉത്തരം: വടക്കന്‍ സമ്പ്രദായത്തില്‍ ഉണ്ടായ കഥകളിയിലും ചിട്ടയിലും  ഒരു വ്യത്യാസവും വരുത്തുന്നത് അവിടെയുള്ള നടന്മാര്‍ക്കും കലാസ്വാദകര്‍ക്കും ഇഷ്ടമുള്ള കാര്യമല്ലായിരുന്നു. തെക്ക് കളിക്ക് വന്നാൽ സുഭദ്രാഹരണം വേണമെങ്കിൽ മാടമ്പിയെ കൊണ്ട് പാടിക്കണം എന്നവർ ‍നിര്‍ബന്ധിക്കും. അത് പോലെ ആ ചിട്ടയില്‍ അഭ്യസിച്ചവരെ കൊണ്ടേ അവര്‍ കൊട്ടിക്കൂ. അങ്ങിനെ അവര്‍ ഉണ്ടാക്കിയ കഥയും ചിട്ടയും നിലനിര്‍ത്തുവാന്‍ അവര്‍ക്ക് കഴിഞ്ഞു.

തെക്കന്‍ചിട്ടയിലും വളരെ കര്‍ക്കശമായ സമ്പ്രദായങ്ങളായിരുന്നു ഉണ്ടായിരുന്നത്. തെക്കന്‍ ചിട്ടയില്‍ ചിട്ടപ്പെടുത്തിയ പല കഥകളും ആ കഥകളുടെ ചിട്ടകൾ ശെരിക്കറിവില്ലാത്ത വടക്കന്‍ നടന്മാര്‍ വന്നഭിനയിച്ചു. നാലരങ്ങുകൾ കൂടുതൽ കിട്ടുമെന്നായപ്പോൾ നമ്മുടെ നടന്മാർ ചിട്ടക്കാര്യമൊക്കെ മറന്നു ഈ കൂട്ടിക്കൊടുപ്പിനു തയ്യാറായി.പാട്ടുകാര്‍ തോന്നിയ വിധത്തില്‍ പാടി. പതുക്കെ പതുക്കെ ചിട്ട വഴിമാറി തുടങ്ങി.

ചോദ്യം: അപ്പോള്‍ തെക്കുള്ള നടന്മാർ തന്നെയാണ് 'തെക്കൻചിട്ട'യുടെ ഇന്നത്തെ അവസ്ഥക്ക് ഉത്തരവാദികൾ?

ഉത്തരം: അതേ! നൂറു ശതമാനം. തെക്കന്‍ ചിട്ടയുടെ ഇന്നത്തെ കാവല്‍ക്കാരന്‍ മടവൂര്‍ വാസുദേവന്‍ നായരാണ്. ഗുരു ചെങ്ങന്നൂരിനോടൊപ്പം ജീവിച്ചു കഥകളി പഠിച്ച കലാകാരനാണ് അദ്ദേഹം.  അതുകൊണ്ട് തന്നെ തെക്കൻ കഥകളി സംസ്കാരം നില നിർത്താൻ മറ്റാരേക്കാളും ഉത്തരവാദിത്വമുള്ളത് അദ്ദേഹത്തിനാണ്. പക്ഷെ അതല്ല സംഭവിക്കുന്നത്.  കളിയരങ്ങുകളുടെ എണ്ണം കൂട്ടുന്നതിലും പ്രശസ്തിയിലും ആണ് അദ്ദേഹത്തിനു കൂടുതൽ ശ്രദ്ധ. ഇതിനു വേണ്ടി എന്ത് വിട്ടുവീഴ്ച്ചകൾക്കും അദ്ദേഹം തയ്യാറാകുകയാണ്. വടക്ക് നിന്നും വരുന്ന മേളക്കാരോടും പാട്ടുകാരോടും തെക്കൻ ചിട്ടയുടെ പ്രത്യേകതകൾ പറഞ്ഞു മനസ്സിലാക്കി, സാധിക്കാവുന്നിടത്തോളം തെക്കൻ ചിട്ടയുടെ ആട്ടസമ്പ്രദായങ്ങൾ നിലനിർത്തി ആടുന്ന രീതിയായിരുന്നു മുൻകാല തെക്കൻ കലാകാരന്മാർ സ്വീകരിച്ചിരുന്നത്. ഒരു കഥകളി ചിട്ടയെ പിടിച്ചു നിർത്തുന്നതിൽ പാട്ടിനു വലിയ പങ്കുണ്ട്. തെക്കൻ ചിട്ട നിലനില്ക്കണമെങ്കിൽ അതിൽ പ്രാഗല്ഭ്യമുള്ളവരെക്കൊണ്ട് പാടിപ്പിക്കണം. മടവൂരാശാനാണ് ഇത്  നടപ്പിൽ വരുത്താൻ മറ്റുള്ളവരെക്കൂടി പ്രേരിപ്പിക്കേണ്ടയാൾ. ഗോപിയും മറ്റും അവരുടെ ചിട്ടക്കായി പാട്ടിനും കൊട്ടിനും ആരൊക്കെ വേണമെന്നു പറയുന്നത്‌ നമ്മൾ കാണുന്നില്ലേ? അത് മടവൂരും ചെയ്‌താൽ മതി. ഇത് ചെയ്യാത്തതാണ്‌ തെക്കൻ കഥകളി ശോഷിക്കാനുള്ള കാരണങ്ങളിൽ ഒന്ന്. അടുത്തിടെ പത്മഭൂഷന്‍ കിട്ടിയതിനു ശേഷം നടന്ന ചടങ്ങുകളില്‍ പത്മശ്രീ. ഗോപിക്ക് പിറകിലായി നിര്‍ത്തി മടവൂരിനെ വെച്ച് വടക്കന്‍ കഥകളിപ്രേമികൾ സ്വീകരണ ചടങ്ങുകള്‍ സംഘടിപ്പിച്ചു. ഇത് പലർക്കും അമർഷവും വേദനയും ഉണ്ടാക്കി "ഇങ്ങിനെ അപമാനിതനാകേണ്ടതുണ്ടോ" എന്ന്‌ ഒരു തെക്കന്‍ സീനിയര്‍ നടന്‍ മടവൂരിനോട് ചോദിച്ചു. പക്ഷെ അദ്ദേഹത്തിൻറെ ഉത്തരത്തിൽ മറ്റുള്ളവർക്ക് തോന്നിയ ആക്ഷേപമൊന്നും പ്രകടമായില്ല. ഈ അഴകൊഴപ്പൻ നിലപാടുകൾ ദോഷം ചെയ്യുന്നത് തെക്കൻ കഥകളി രംഗത്തിനും അതിലെ കഥകളി കലാകാരന്മാരുടെ ആത്മാഭിമാനത്തിനുമാണ്.

ചോദ്യം: ആശാനു മടവൂരാശാൻ കളികളിൽ വേണ്ട സ്ഥാനം നല്കുന്നില്ല എന്ന പരാതി കൊണ്ടുള്ള വിദ്വേഷ പ്രകടനമായി ഇപ്പറഞ്ഞതിനെ ആളുകൾ വ്യാഖ്യാനിക്കില്ലേ?

ഉത്തരം: ആളുകൾ വ്യാഖ്യാനിക്കുന്നതും വ്യാഖ്യാനിക്കാതിരിക്കുന്നതും അവിടെ നിക്കട്ടെ.  ഇവരൊന്നും വ്യാഖ്യാനിച്ചത് കൊണ്ട് കഥകളിചിട്ട പിടിച്ചു നിർത്താൻ കഴിയില്ലല്ലോ? ഞാനും മടവൂരും നാളെയങ്ങു പോകും. പിന്നേം കഥകളി വേണ്ടേ? ഒരുപാടു കളിച്ചും പാടിയും ഉണ്ടാക്കിയതൊക്കെ കൂടെ കൊണ്ടുപോമോ? മഹാനുഭാവന്മാരായ ആചാര്യന്മാർ അവരുടെ ത്യാഗോജ്വലമായ ജീവിതം കൊണ്ട് ഉണ്ടാക്കിയെടുത്തു നമുക്ക് തന്നിട്ട് പോയ ഒരു വലിയ കലയെ സംരക്ഷിക്കുന്ന കാര്യമാ നമ്മൾ പറഞ്ഞോണ്ടിരിക്കുന്നത്‌, അല്ലാതെ ഗോപിക്കുട്ടനു പത്തു പണം ഉണ്ടാക്കുന്ന കൊച്ചു കാര്യമല്ല.

ചോദ്യം: ഗുരു ചെങ്ങന്നൂരിന്റെ ആട്ടം അതേപോലെ മടവൂരാശാനിൽ കാണാം എന്ന് പലരും പറയാറുണ്ട്‌? അങ്ങയുടെ അഭിപ്രായം?

ഉത്തരം: അത് ശരിയല്ല. ഗുരു ചെങ്ങന്നൂരിന്റെ ആട്ടരീതികള്‍ ഇങ്ങനെയൊന്നുമല്ല. അദ്ദേഹത്തിൻറെ ആട്ടത്തിന്റെ വാലും മുറീം ഒക്കെ മടവൂരിന്റെ ആട്ടങ്ങളിലും കാണും. കാര്യങ്ങൾ അറിയാത്തവര്‍ ഇതാണ് സത്യം എന്ന് വിചാരിച്ചിരിക്കുകയാണ്. ഗോപി കാണിക്കുന്നത് പോലെ ചില നാടകങ്ങളും പൊടിക്കൈകളുമൊക്കെയാ മടവൂരും ഇപ്പോൾ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. വടക്കരുടെ ഇടയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ശുദ്ധ തെക്കന്‍ചിട്ടക്കാരനായാല്‍ പോരാ എന്നദ്ദേഹം ധരിച്ചു വച്ചിട്ടുണ്ടെന്ന് തോന്നുന്നു. അധ:പ്പതനം അല്ലാതെന്ത്?

ചോദ്യം: ഹരിപ്പാട്ടു രാമകൃഷ്ണപിള്ളക്കും ചെന്നിത്തല ചെല്ലപ്പൻപിള്ളക്കും വേണ്ടിയായിരിക്കും താങ്കൾ ഏറ്റവും കൂടുതൽ പ്രാവശ്യം പാടിയതെന്ന് തോന്നുന്നു? ഇവരുടെ രണ്ടു പേരുടെയും അരങ്ങുകൾ ഞാൻ പലപ്രാവശ്യം കണ്ടിട്ടുള്ളതുമാണ്. അവരെക്കുറിച്ചു രണ്ടു വാക്ക്?

ഉത്തരം:  അതെ. ഞാൻ കൂടുതലും പാടിയത് അവർക്കു വേണ്ടിയാണ്. അവരെക്കുറിച്ച് സംസാരിക്കാൻ സന്തോഷമേ ഉള്ളൂ. രാമകൃഷ്ണപിള്ളയെക്കുറിച്ചു ഞാനെന്തു പറയാൻ? രാമന്‍കുട്ടിയാശാനടക്കം ഒരു നടനും അങ്ങേരുടെ മുന്‍പില്‍ കത്തിവേഷത്തിൽ തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. ആരെങ്കിലും തിളങ്ങിയെന്നു തോന്നിയെങ്കില്‍ അത് ഹരിപ്പാട്ടു രാമകൃഷ്ണപിള്ളയുടെ ഔദാര്യം കൊണ്ടോ അലസമനോഭാവംകൊണ്ടോ മാത്രമാണെന്ന് വിചാരിച്ചാല്‍ മതി. അതായിരുന്നു ഹരിപ്പാടന്‍. എന്തിനാ, കൂടുതൽ പറയുന്നേ, കത്തിവേഷത്തിന്റെ സൌന്ദര്യം നിറഞ്ഞു നിൽക്കുന്നത്‌ രാമകൃഷ്ണപിള്ളയുടെ വേഷത്തിലാണെന്നു  രാമന്‍കുട്ടിയാശാൻ തന്നെ കലാമണ്ഡലത്തിൽ വച്ച് പ്രസംഗിച്ചിട്ടുണ്ടല്ലോ?  അങ്ങയോടു ഞാന്‍ പറയട്ടെ, ഇന്ന് രാമകൃഷ്ണ പിള്ള ഉണ്ടായിരുന്നു എങ്കില്‍ അങ്ങേര് വേഷം കെട്ടി അരങ്ങില്‍ നില്‍ക്കുന്നതിനു 25,000മോ, 50000 മോ  കൊടുക്കുവാന്‍ ആളുണ്ടായേനെ. ആ ഒരു അലര്‍ച്ചയ്ക്ക് കൊടുക്കണം ആയിരകണക്കിന്. ഇപ്പോള്‍ ആര്‍ക്കുണ്ട് അലര്‍ച്ച? ഉണ്ണിത്താനും അരവിന്ദനും കൊച്ചുനാരായണപിള്ളയ്ക്കും കുറച്ചു കിട്ടിയിട്ടുണ്ട്. ബാക്കിയെല്ലാം  കീ കീ എന്നു കരയുകയാണ്, അലറുകയല്ല..

ചോദ്യം: ചെന്നിത്തലയെ കുറിച്ചുള്ള ഓര്‍മ്മകള്‍?

ഉത്തരം: തന്റെടത്തോടെ ഉള്ളത് തുറന്നു പറഞ്ഞു ജീവിച്ച ഒരു നടനായിരുന്നു ചെല്ലപ്പന്‍ പിള്ള. ഒരുത്തന്റെയും  ഓശാരത്തിനങ്ങേരെ കിട്ടില്ലായിരുന്നു. കേന്ദ്ര ഗവണ്മേന്റു അവാര്‍ഡ്‌ കൊടുത്തപ്പോള്‍ കലാമണ്ഡലത്തിന് അദ്ദേഹത്തെ ആദരിച്ചേ കഴിയൂ എന്ന് വന്നു. ആ ചടങ്ങില്‍ ചെന്നിത്തല തുറന്നടിച്ചു; "കേന്ദ്രഗവണ്മേന്റു കലാമണ്ഡലത്തിന് ഇഷ്ടമല്ലാത്ത ഒരു ബാദ്ധ്യത ഉണ്ടാക്കി വെച്ചു".

മറ്റു പ്രമുഖ നടന്മാരോളം അഭ്യാസത്തികവ് ചെല്ലപ്പൻ പിള്ളയാശാനുണ്ടായിരുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ പാത്രബോധം അപാരമായിരുന്നു. ഔചിത്യപരമായ, തന്മയത്തമുള്ള ആട്ടങ്ങളിലൂടെയാണ് അദ്ദേഹം പ്രേക്ഷകർക്ക്‌ പ്രിയങ്കരനായത്. സഹനടന്മാരോട്, പ്രത്യേകിച്ചും തനിക്കു താഴെയുള്ളവരോട് ഇത്രമാത്രം സ്നേഹം കാണിച്ചിട്ടുള്ള മറ്റൊരു കലാകാരനില്ല.  മറ്റൊരു കലാകാരന്റെ സന്തോഷത്തിനായി, ആത്മാഭിമാനത്തിനായി തനിക്കു കിട്ടേണ്ടത് അദ്ദേഹം ഉപേക്ഷിച്ചിട്ടുള്ള പല സന്ദർഭങ്ങളും എനിക്കറിയാം.

അദ്ദേഹത്തിൻറെ കാര്യം പറയുമ്പോൾ രണ്ടു അരങ്ങുകളെക്കുറിച്ചു പറയാതെ വയ്യ.വ്യാസാ കഥകളി ക്ലബ്ബിന്റെ കഥകളി കരുനാഗപ്പള്ളിയിൽ. നളന്‍ ഗോപി, പുഷ്ക്കരന്‍ ചെന്നിത്തല. അന്ന് എനിക്ക് നീണ്ടകര പരിമണത്ത് കളി ഉണ്ടായിരുന്നു. കളി നടന്നു കൊണ്ടിരിക്കുമ്പോള്‍ കരുനാഗപ്പള്ളിയിലെ കളി കഴിഞ്ഞു വന്നവര്‍ പറഞ്ഞു;  ഇന്ന് പുഷ്ക്കരന്‍ നളനെ കടത്തി വെട്ടി.

കോട്ടയം തിരുനക്കരയില്‍ സീതാസ്വയംവരം. കൃഷ്ണന്‍ നായര്‍ ആശാനും മാങ്കുളവും പരശുരാമശ്രീരാമന്മാരായി അരങ്ങു പൊടിച്ചിരുന്ന കാലം. മാങ്കുളത്തിനു അസൗകര്യം ഉണ്ടായപ്പോള്‍ ചെന്നിത്തലയാണ് ശ്രീരാമനായത്. അരങ്ങില്‍ പരശുരാമനും ശ്രീരാമനും തമ്മിലുള്ള സംവാദത്തിനു കയ്യടിയോടെ കയ്യടി. അടുത്ത നാള്‍ അമ്പലപ്പുഴ രാമവര്‍മ്മയുടെ ലേഖനം ദിനപ്പത്രത്തിൽ പ്രത്യക്ഷപ്പെട്ടു- "പരശുരാമനെ വെന്ന ശ്രീരാമന്‍" എന്ന തലക്കെട്ടില്‍.

ചോദ്യം: ഞാൻ എണ്‍പതുകളിൽ കണ്ടിരുന്ന കഥകളിയിൽ ഇളകിയാട്ടത്തിനു വളരെ പ്രാധാന്യമുണ്ടായിരുന്നു. ഇന്നത്‌ വളര കുറഞ്ഞു പോയോ എന്നൊരു തോന്നൽ? കഥകളിയില്‍ ഇളകിയാട്ടത്തിനു  പ്രാധാന്യമുണ്ടോ?

ഉത്തരം: കഥകളി എന്നത് കഥ പറയുന്ന കളിയാണ്. അവിടെ സംഭാഷണം നടക്കണം. നൃത്തവും നാട്യവും എല്ലാം പോലെ തന്നെ പ്രാധാന്യമുള്ളതാണ് സംഭാഷണം. അതായത് ഇളകിയാട്ടങ്ങള്‍. ആശയദരിദ്രരായവര്‍ക്ക് എന്ത് സംഭാഷണം സാധിക്കും? എന്തെങ്കിലും രണ്ട് ചിട്ടപ്പെടുത്തി ഒപ്പിക്കും. ഇങ്ങിനെയല്ല മഹാനടന്മാര്‍ പണ്ട് അഭിനയിച്ചിരുന്നത്. എന്താണ് അരങ്ങില്‍ ചോദിക്കുന്നത് എന്ന് മുന്‍കൂട്ടി അറിയുവാന്‍ പോലും കഴിയില്ല. കയ്യില്‍ സ്റ്റഫ് ഇല്ലെങ്കില്‍ ഉത്തരം മുട്ടി കുഴങ്ങും. വടക്ക് നിന്നും വന്ന നടന്മാര്‍ ഇങ്ങിനെ എത്രയോ അരങ്ങുകളില്‍ കഷ്ടപ്പെട്ടിരിക്കുന്നു? ഇളകിയാട്ടം വേണ്ടെന്നു പറഞ്ഞു പഠിപ്പിച്ചാല്‍ പിന്നെ ഈ ടെന്‍ഷന്‍ ഒഴിവാക്കാമല്ലോ? ഇളകിയാട്ടം ഇല്ലാത്ത കളിയെ എന്നെ പോലുള്ളവര്‍ കഥകളി എന്ന് വിളിക്കാറില്ല.

ചോദ്യം: പണ്ടത്തെ അണിയറകൾ വളരെ സജീവമായിരുന്നു എന്ന് തോന്നുന്നു. അംബുജാക്ഷൻ നായർ അത്തരം ധാരാളം കഥകൾ പറയാറുണ്ട്‌? ഇതൊന്നു പറയാമോ?

ഉത്തരം: സജീവം എന്ന് താങ്കൾ പറഞ്ഞതിന്റെ അർഥം ജീവൻ ഉള്ളത്‌ എന്നാണല്ലോ? സത്യത്തിൽ അത് തന്നെയായിരുന്നു. തമാശകളും വെടിപറച്ചിലും പാരവെപ്പും ചിരിയും കളിയുമെല്ലാം ഉണ്ടായിരുന്നു അവിടെ. ഗുരു-ശിഷ്യ, പ്രായ ബഹുമാനങ്ങൾ എല്ലാം നിലനിർത്തിക്കൊണ്ടുതന്നെ പരസ്പരം സംവദിക്കാൻ അന്നത്തെ കലാകാരന്മാർക്കെല്ലാം കഴിഞ്ഞിരുന്നു. ചിലർ ഗൌരവസ്വഭാവം ഉള്ളവരാകും എങ്കിലും അണിയറയിലെ രസികത്തങ്ങൾ അവരും ആസ്വദിച്ചിരുന്നു. ചെല്ലപ്പൻ പിള്ളയാശാനായിരുന്നു രസികത്തങ്ങളിൽ കേമൻ. ഇന്നിപ്പം ഗുരുക്കന്മാരൊക്കെ മസിലും പിടിച്ചിരുപ്പല്ലേ? എന്തെങ്കിലും ഒന്ന് മിണ്ടിപ്പോയാൽ അവരുടെ വില പോകുമെന്ന ഭയമാ. കാലം മാറി.  അണിയറകളുടെ കോലവും മാറി. അണിയറയുടെ നടുക്ക് ഈശ്വരപ്രതീകമായി നിലകൊള്ളേണ്ട നിലവിളക്കിന്റെ സ്ഥാനം ഇപ്പോൾ  അണിയറയുടെ മൂലയിലാക്കിയിരിക്കയാണ്, നടന് കാറ്റുകൊള്ളാൻ ഫാനിടാനുള്ള സൌകര്യത്തിനായി! ഈശ്വരനേക്കാൾ വലിയ ആട്ടക്കാരുള്ള കാലമാണിത്. പണ്ടിങ്ങനെയൊന്നും ചിന്തിക്കാൻ കൂടി കഴിയുമായിരുന്നില്ല .

ചോദ്യം: ഇന്നത്തെ സംഭാഷണത്തിൽ വിട്ടുപോയതോ അല്ലെങ്കിൽ താങ്കൾക്കു പ്രത്യേകമായി കൂട്ടിചേർക്കുവാനോ ആയി എന്തെങ്കിലും ഉണ്ടോ ?

ഉത്തരം: ചോദിച്ചത് നന്നായി. വടക്കൻ നടന്മാരിൽ എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള കീഴ്പ്പടം കുമാരൻ നായരാശാനെപ്പറ്റി നമ്മൾ സംസാരിച്ചില്ല. മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും മൂർത്തിമത്‌‌ഭാവമായിരുന്നു അദ്ദേഹം. എനിക്ക് ധാരാളം സ്നേഹവും പരിഗണനയും അദ്ദേഹത്തിൽ നിന്നും ലഭിച്ചിരുന്നു. അദ്ദേഹത്തോടുള്ള എന്റെ കടപ്പാടും സ്നേഹാദരങ്ങളും രേഖപ്പെടുത്താനും കൂടി ഈ സന്ദർഭം പ്രയോജനപ്പെടുത്തണമെന്ന് എനിക്കാഗ്രഹമുണ്ട്.

മങ്കൊമ്പാശാനെക്കുറിച്ചും നമ്മൾ സംസാരിച്ചില്ല.  കഥകളിയെക്കുറിച്ചും മറ്റിതര കലകളെ ക്കുറിച്ചും അഗാധപാണ്ഡിത്യമുള്ള, തികഞ്ഞ ബഹുമാനം അർഹിക്കുന്ന മഹൽ വ്യക്തിയാണദ്ദേഹം . ഒരു കാലത്ത് നല്ല സ്ത്രീ വേഷക്കാരനായിരുന്നു.  വേഷത്തിന്റെ ഭംഗി അത്രയ്ക്ക് പോരായിരുന്നെങ്കിലും, സ്ത്രൈണഭാവങ്ങൾ അദ്ദേഹത്തിൻറെ വേഷത്തിൽ വിരിയുന്നത് ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.  മിടുക്കനായ ഒരു അധ്യാപകനും ആയിരുന്നു അദ്ദേഹം. ഇന്നിപ്പം ഒന്നും അറിയാൻ കഴിയാത്ത നിലയിൽ വർഷങ്ങളായി കിടക്കയാണ് ആ മഹാനടൻ. വിധിയെ തടുക്കാൻ നമുക്കാവതില്ലല്ലോ?

ഒരാളെ ക്കൂടി സ്മരിച്ചേ  കഴിയൂ - ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ളയാശാനെ.  നടൻ  എന്നതിലുപരി കുമാരൻനായരാശാനെപ്പോലെ ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം.   ഈ മഹാനുഭാവന്മാരെയൊക്കെ എങ്ങിനെ മറക്കാൻ കഴിയും?

ചോദ്യം: ആശാന്റെ കുടുംബം?

ഉത്തരം: ഭാര്യ ശാരദാമ്മ. നാല് മക്കൾ. ഗിരിജ, രതീഷ്‌, ജയകുമാർ, ശ്രീകാന്ത്. ജയകുമാർ(കലാഭാരതി ജയൻ) മദ്ദള കലാകാരനാണ്. കലാനിലയം ബാബുവിന്റെ ശിഷ്യനാണ്. തലമുറകളായി കഥകളി ബന്ധമുണ്ടായിരുന്ന എന്റെ കുടുബത്തിന്റെ ഭാവിയിലെ  കഥകളിബന്ധം ഇനി ജയനിലൂടെയാണ്.

ചോദ്യം: നമ്മൾ  ധാരാളം സംസാരിച്ചു. ഇന്നിവിടെ താങ്കൾ പറഞ്ഞ കാര്യങ്ങൾ എനിക്ക് തുറന്നെഴുതാമോ?

ഉത്തരം: എഴുതാമോന്നോ? എല്ലാം എഴുതണം എന്ന ഒരപേക്ഷയാണെനിക്കുള്ളത്. കഥകളി കൊണ്ട് ജീവിക്കുന്നവനാണ് ഞാൻ. എന്റെ കൂറ് ആ കലയോടാണ്. അതിനു ഗുണകരമാകുന്ന കാര്യമേ ഞാൻ പറഞ്ഞിട്ടുള്ളൂ. അതിൽ എനിക്കാരെയും ഭയക്കേണ്ട കാര്യമില്ല. എനിക്ക് വേണ്ടത് അന്നും ഇന്നും ശ്രീ വല്ലഭൻ തരുന്നുണ്ട്. അതുമതി. സാറ് ധൈര്യമായിട്ട് എഴുതിയാട്ടെ.

ചോദ്യം: താങ്കളെ കാണാനും ഇത്രയുമൊക്കെ സംസാരിക്കാനും കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്. നന്ദി.

ഉത്തരം:ഏവൂർ ഭഗവാന്റെ നാട്ടുകാരനായ സാറിനോട് സംസാരിക്കാൻ കഴിഞ്ഞതിൽ എനിക്കും അതിയായ സന്തോഷം ഉണ്ട്. എത്രയോ രാത്രികളിൽ ഞാൻ പാടിയ തിരുസന്നിധാനമാണത്. ഒരു കാര്യം കൂടി പറഞ്ഞോട്ടെ. ഞാനീ സംഭാഷണത്തിൽ പരാമർശിച്ച ഏതെങ്കിലും വിഷയത്തെക്കുറിച്ച് ആർക്കെങ്കിലും അഭിപ്രായവ്യത്യാസമോ പരിഭവമോ ഉണ്ടെങ്കിൽ അതെന്നെ അറിയിച്ചാൽ തക്ക വിശദീകരണം നൽകാൻ ഞാൻ ഒരുക്കമാണ്. അഭിനയവിഷയത്തിലാണ്‌ വിശദീകരണം വേണ്ടതെങ്കിൽ, ഒരു പഴയകാല കഥകളിനടൻ കൂടിയായ ഞാൻ, അത് അഭിനയിച്ചു കാണിക്കാനും തയ്യാറാണ്. നമസ്കാരം.

Article Category: 
Malayalam

Comments

കൃഷ്ണൻനായരുടെ ഗോഷ്ടി ആണെന്ന് പറയുന്ന സാക്ഷാൽ വള്ളത്തോളിന്റെ ശ്ലോകം തന്നെയുണ്ട്‌. ശ്ലോകം ഇപ്പോൾ
തോന്നുന്നില്ല. ചൊല്ലികേട്ടിട്ടുണ്ട് .

ഈ സൈറ്റിൽ രാജശേഖരൻ, രുഗ്മാംഗദൻ, കോരൻ, വാസുദേവൻ, രാമചന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ എന്നിങ്ങനെ ആറെങ്കിലും പേരിൽ അവതാരം കഴിഞ്ഞ ഒരു (ഗതികിട്ടാ)വിദ്വാന്റെ ഭാവി നാമങ്ങൾക്കായി കാക്കുന്നു. :-)

C.Ambujakshan Nair's picture

മിസ്റ്റർ. ശ്രീവൽസൻ തീയ്യാടി (not verified),
മിസ്റ്റർ. ഉണ്ണികൃഷ്ണൻ എനിക്ക് പരിചയം ഉള്ള വ്യക്തിയാണ്. അദ്ദേഹം  ദൃശ്യവേദിയിലെ (തിരുവനന്തപുരം)   അംഗം കൂടിയാണ്.  ഞങ്ങൾ ഒന്നിച്ച് പലകളികളും കണ്ടിട്ടുണ്ട്. തിരുവനന്തപുരത്ത്  ഈ അടുത്ത ചില ദിവസങ്ങള്ക്ക് മുൻപ് നടന്ന സീതാസ്വയംവരം കളിക്ക് ഫേസ് ബുക്ക്‌ കഥകളി ഗ്രൂപ്പ്  അംഗം  മിസ്റ്റർ. വൈദ്യനാഥനും അദ്ദേഹവും തമ്മിൽ  കണ്ടു  പരിചയപ്പെട്ടിരുന്നു.

കഥകളി സ്നേഹിയായ മിസ്റ്റർ. ഉണ്ണികൃഷ്ണൻറെ  പിതാവിനും കുടുംബാംഗങ്ങൾക്കും
   സുപരിചിതൻ ആണ്  മങ്കൊമ്പ് ആശാൻ.  ഈ കഴിഞ്ഞ വിഷുവിന് മിസ്റ്റർ. ഉണ്ണികൃഷ്ണനും ഞാനും  ഒന്നിച്ച് പ്രായാധിക്ക്യത്താൽ അവശത അനുഭവിക്കുന്ന ശ്രീ. മങ്കൊമ്പ് ആശാനേ പോയി കണ്ടിരുന്നു. 
ശ്രീ . മങ്കൊമ്പ് ആശാൻ  എന്നെ പെട്ടെന്ന് തിരിച്ചറിയുകയും അദ്ദേഹത്തിനുണ്ടായ സന്തോഷവും ഇവിടെ രേഖപ്പെടുത്തുന്നതിൽ വളരെ സന്തോഷം ഉണ്ട്.
 

(ആ ഒറ്റ ഉണ്ണികൃഷ്ണൻ മാത്രമല്ലല്ലോ ഭൂമിമലയാളത്തിൽ ഉള്ളൂ, അംബുജാക്ഷൻ ചേട്ടാ! അത് വേ ഇത് റേ!!

ഇവിടെ പറയുന്ന ചങ്ങാതി കഥകളി ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ പല വേഷങ്ങളണിഞ്ഞ് പയറ്റിത്തോറ്റ് ഇപ്പോൾ അവിടേക്ക് കടക്കാനാവാതെ എരിപൊരി കൊള്ളുന്ന ഏതോ എന്തോ...)

Kindly forward my reply to Gopikkuttan Nair to other Kathakali fans...Reghu

തിരുവല്ല ഗോപിക്കുട്ടന്‍ നായര്‍ക്ക്‌ ,

കുറെ കാലമായി താങ്കളെ ഈ ഭാഗത്തൊന്നും കാണാത്തത് എന്തുകൊണ്ടാണെന്ന് ഞാന്‍ ചിന്തിക്കാറുണ്ടായിരുന്നു.അങ്ങിനെയിരുന്നപ്പോളാണു internet-ല്‍ താങ്കളുടെ interview കണ്ടത്.അതെന്നെ വളരെ രസിപ്പിച്ചു.വളരെ ആത്മാര്‍ദ്ധമായി സ്വന്തം അഭിപ്രായങ്ങള്‍-അത് മറ്റാര്‍ക്കെങ്കിലും അനിഷ്ടകരമാകുമോ എന്ന ശങ്കയില്ലാതെ-തുറന്നു പറയാനുള്ള താങ്കളുടെ ആര്‍ജ്ജവത്തെ അഭിനന്ദിക്കുന്നു.അതില്‍,എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യമുണ്ട്-ചെറുപ്പം മുതലേ ഹരിപ്പാട്ട് രാമകൃഷ്ണപിള്ളയുടെ കത്തിവേഷങ്ങള്‍ കണ്ട് അതിനോട് ഒരു addiction –ആസക്തി-തന്നെ വന്നുപോയിട്ടുള്ള ആളാണ്‌ ഞാന്‍.അദ്ദേഹത്തിന്‍റെ രംഭാപ്രവേശത്തിലെ രാവണന്‍റെ വിഷയലമ്പടത്വം മറ്റാരും തന്നെ ഇതയും രസകരമായി അവതരിപ്പിച്ചു കണ്ടിട്ടില്ല.അദ്ദേഹത്തിന്‍റെ കീചകന്‍,ദുര്യോധനന്‍ ,വിശ്വാമിത്രന്‍(ഹരി:ചരിതം)ബ്രാഹ്മണന്‍(സന്താ:ഗോപാലം)വീരഭദ്രന്‍ എന്നീവേഷങ്ങളും കണ്ടിട്ടുണ്ട്.അദ്ദേഹത്തിന്‍റെ അലര്‍ച്ച-പ്രത്യേകിച്ച് ഭീഷണിപ്പെടുത്തുന്ന ഘട്ടങ്ങളില്‍-അപാരമാണ്,അനന്യമാണ്.(ഗുഹക്കുള്ളില്‍ ഒളിച്ചിരിക്കുന്ന സിംഹം അലറുമ്പോള്‍ കേള്‍ക്കുന്ന പ്രതിധ്വനിയോടു കൂടിയ ശബ്ദത്തിലുള്ള അദ്ദേഹത്തിന്‍റെ അലര്‍ച്ച ഭയജനകമാണ്)എന്നാല്‍ എന്തുകൊണ്ടോ അദ്ദേഹം അര്‍ഹിക്കുന്ന പ്രശസ്തിയും അംഗീകാരവും ആസ്വാദക സമൂഹത്തില്‍ നിന്നും കാണാഞ്ഞത് എന്‍റെ ഒരു സ്വകാര്യ ദുഖമാണ്.എന്നാല്‍ എന്നെപ്പോലെ അദ്ദേഹത്തിന്‍റെ പ്രകടനം ഇഷ്ടപ്പെടുന്ന ഒരു കലാകാരന്‍ തന്നെ ഉണ്ടെന്നു കണ്ടപ്പോള്‍ അതെനിക്ക് വളരെ സന്തോഷമായി .ഭാഗവതര്‍ വൈക്കം തങ്കപ്പന്‍ പിള്ളയും ഹരിപ്പാടനെ വളരെ ഇഷ്ടപ്പെട്ടിരുന്നു എന്നറിയാം.

ശുഭാശംസകളോടെ ,

N.G.R.നായര്‍,ഇടപ്പള്ളി

Mohandas's picture

ശ്രീ .N .G.R. നായർ : താങ്കളുടെ അഭിപ്രായം ശ്രീ.ഗോപിക്കുട്ടൻ നായരെ ഞാൻ ഫോണിൽ കൂടി അറിയിച്ചു. അദ്ദേഹത്തിനു  വളരെ സന്തോഷമായി. താങ്കളുടെ ഫോണ്‍ നമ്പർ വാങ്ങിക്കൊടുക്കണമെന്നു  പറഞ്ഞു. എന്റെ ഇ-മെയിലിൽ (mkdas59@ yahoo.com)അയച്ചു തന്നാൽ അത് ഞാൻ  അദ്ദേഹത്തിനു എത്തിച്ചു കൊള്ളാം.

ഹരിപ്പാട്ടു രാമകൃഷ്ണപിള്ളയെക്കുറിച്ച്  പറഞ്ഞത് വളരെ ഹൃദ്യമായി തോന്നി. അസാമാന്യ കഴിവുകളുള്ള ഒരു കലാകാരനായിരുന്നു അദ്ദേഹം. എന്റെ അച്ഛനോട് അദ്ദേഹത്തിനുണ്ടായിരുന്ന അടുപ്പവും അദ്ദേഹത്തിൻറെ വേഷങ്ങളുടെ അസാധാരണമായ ആകർഷണ ശക്തിയുമാണ് എന്നെ ഒരു കഥകളിപ്രേമിയാക്കിയത് തന്നെ. അദ്ദേഹത്തിനു ആസ്വാദകരുടെ ഇടയിൽ  വളരെ വലിയ അംഗീകാരം ഉണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷെ ആരെയും കൂസാത്ത പ്രകൃതവും കഥകളി രാഷ്ട്രീയക്കളികളിലുള്ള  താത്പര്യമില്ലാഴ്മയും  കാരണമാകാം, അർഹിക്കുന്ന അംഗീകാരം ഉത്തരവാദിത്തപ്പെട്ടവർ അദ്ദേഹത്തിനു നല്കിയില്ല. പ്രേക്ഷകഹൃദയങ്ങളിൽ ജീവിക്കുന്നതല്ലേ ഒരു കലാകാരനു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം? അത് അദ്ദേഹത്തിനു ധാരാളമായി ലഭിക്കുന്നുണ്ട്.  താങ്കളുടെ വാക്കുകൾ സൂചിപ്പിക്കുന്നതും അതാണല്ലോ. 

Mohandas's picture

gopichettante paattu
sureshraman pillai (not verified) - Wed, 2013-05-29 20:38 new
kathakali sangeethathil gopichettan ennum ottayanayirunnu. Addehathinte kazhivu manasilaakiyavar keralathinte ella pradesathum undu.Pothuvalashannte Bheeshmaprathinja arangeriyappol padiyathu Gopichettananu.Prof Panmana Ramacandran saarinte Nalacharitham kairalee Vyakhyanathil gopichettante namam valare paramarshichittundu. gopicheetane yadhardha kaliaswadakar ennum angeekarichu.Pakshe kaliyaswadakarennu nadikkunna kure adhikam aalukalundu. avaranu Gopicheetane thalli parayunnathu. Innathe Chila instantu gayakar pusthakam nokkiyittum thettu padunnathu kelkumpol njangal Gopicheetane oorkum.Addeham oru cocussilum pettittilla. Gopichettanu pranamam

ആശാന്‍
ആശാന്റെ മറുപടി ഇപ്പോള്‍ ആണ് കാണുന്നത് .
എനിക്ക് ആരുടേയും പക്ഷം പിടിക്കേണ്ട ഗതികേടൊന്നും ഇത് വരെ വന്നിട്ടില്ല . പറയാന്‍ ഉള്ളത് അന്തസായി മുഖത്ത് നോക്കി പറയാന്‍ ഉള്ള കെല്പ് ഉണ്ട് . ആരെയും ഇരട്ടപ്പേര് വിളിക്കുന്ന സ്വഭാവവും ഇല്ല . ഫെയ്സ്ബുക്കില്‍ ഇതിനെപ്പറ്റി എഴുതിയിട്ടും ഇല്ല (അഭിമുഖം ഇവ്ബിടെ നടന്നതായതുകൊണ്ട് ) ആശാന്‍ പറയുന്നതു പോലെ തന്നെ എനിക്കും അഭിപ്രായം പറയാന്‍ അവകാശം ഉണ്ട് . ഇതൊക്കെ വായിക്കാന്‍ തന്നെ ആണല്ലോ അഭിമുഖം കൊടുത്തതത് . അപ്പോള്‍ അതിനെപ്പറ്റി ശ്ലാഘിക്കുന്ന മറുപടികള്‍ മാത്രം പ്രതീക്ഷിക്കരുത് . എന്റെ പ്രായം ഒന്നും ആശാന്‍ നോക്കേണ്ടതില്ല . ഒട്ടും അറിയപ്പെടുന്നവനും അല്ല .ഒട്ടും പ്രശസ്തന്‍ അല്ലാത്ത ഒരു സാധാരണ കഥകളി ആസ്വാദകന്‍ മാത്രം . ആശാന്റെ അഭിമുഖം കണ്ടപ്പോള്‍ അതിനെ ഒട്ടും വൈകാരികമായി കാണാതെ വിലയിരുത്തി എന്റെ അഭിപ്രായം പറഞ്ഞു . ഇപ്പോഴും അഭിപ്രായങ്ങള്‍ ഒക്കെ അത് തന്നെ . തള്ളാനും കൊള്ളാനും ആശാന് അവകാശമുണ്ട്‌ .

Pages