വാരിണപ്പള്ളി പത്മനാഭപ്പണിക്കർ

കേരളത്തിന്റെ നവോത്ഥാനചരിത്രത്തിൽ പ്രമുഖ സ്ഥാനമുള്ള കുടുംബമാണ് കായംകുളത്തിനടുത്തുള്ള വാരിണപ്പള്ളി. ശ്രീനാരായണഗുരു ഈ കുടുംബത്തിൽ ആറു വർഷക്കാലം താമസിച്ചാണ് മഹാ പണ്ഡിതനായിരുന്ന കുമ്മമ്പള്ളി രാമൻപിള്ളയാശാന്റടുത്ത് നിന്ന് സംസ്കൃതം, ആയുർവ്വേദം, ജ്യോതിഷ ശാസ്ത്രം എന്നിവയിൽ ഉപരിപഠനം നടത്തിയത്.
 
പത്മനാഭപ്പണിക്കരുടെ ആദ്യ ഗുരു പള്ളിക്കോട്ട് കൊച്ചുപിള്ളയാശാൻ ആയിരുന്നു. അതിനുശേഷം തുറയിൽ പപ്പുപ്പണിക്കരാണ് ഇടത്തരവും ആദ്യാവസാനവുമായ എല്ലാ പ്രധാന വേഷങ്ങളും ചൊല്ലിയാടി പരിശീലിപ്പിച്ചത്.
 
വലിയ ശരീരപ്രകൃതിയായിരുന്നു അദ്ദേഹത്തിന്റേത്. സ്ത്രീവേഷം ഒഴികെ എല്ലാ വേഷങ്ങളും കെട്ടുമായിരുന്നെങ്കിലും, താടി, നരസിംഹം, രൌദ്രഭീമൻ എന്നിവയായിരുന്നു പണിക്കരുടെ പ്രധാന വേഷങ്ങൾ.
 
തുറയിൽ കളിയോഗത്തിൽ ആശാനായും വളരെക്കാലം സേവിച്ചു. 1957-60 കാലഘട്ടത്തിൽ അദ്ദേഹം രൂപീകരിച്ച കഥകളിയോഗമായിരുന്നു " കേരള കലാദളം ".
 
ചേർത്തല കളത്തിപ്പറമ്പിൽ കുടുംബക്ഷേത്രത്തിൽ നടത്തിവന്നിരുന്ന കളികൾക്ക്, പണിക്കരുടെ വേഷങ്ങൾക്ക് കെ.ആർ. ഗൌരിയമ്മയുടെ പിതാവ് കളത്തിപ്പറമ്പിൽ രാമൻ ചെണ്ട കൊട്ടിയിട്ടുണ്ട്.
 
വാരണപ്പള്ളിയാശാന്റെ ദുശ്ശാസനൻ, പാഞ്ചാലിയെ കാണികൾക്കിടയിലൂടെ വലിച്ചിഴക്കുന്നതും തൊഴിക്കുന്നതുമൊക്കെ കണ്ട്, കുഞ്ഞുംനാളിൽ ഗൌരിയമ്മ അലമുറയിട്ട് കരഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
പൂർണ്ണ നാമം: 
വാരിണപ്പള്ളി പത്മനാഭപ്പണിക്കർ
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Sunday, January 1, 1882
ഗുരു: 
പള്ളിക്കോട്ട് കൊച്ചുപിള്ള
തുറയിൽ പപ്പുപ്പണിക്കര്‍
കളിയോഗം: 
തുറയില്‍ കളിയോഗം
കേരള കലാദളം
മുഖ്യവേഷങ്ങൾ: 
താടി
നരസിംഹം
രൌദ്രഭീമന്‍