ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കുചേലവൃത്തം
  5. ഹന്ത ഹരിചരിതമതിതു ചിന്തചെയ്യും വിധൗ

ഹന്ത ഹരിചരിതമതിതു ചിന്തചെയ്യും വിധൗ

രംഗം 6 : കുചേലൻ തിരികെ പോകുന്നവഴി
(അരങ്ങത്ത് പതിവില്ല)

രാഗം: ബിലഹരി
താളം: ചെമ്പ
ആട്ടക്കഥ: കുചേലവൃത്തം
കഥാപാത്രങ്ങൾ: 
കുചേലൻ

ഭർത്രേ യാത്രാം നിവേദ്യ സ്വയമഥ ജഗതാം വിപ്രവംശാബ്ധിചന്ദ്രഃ

ശ്രീകൃഷ്ണാദത്തരിക്‌ഥസ്സപദി മുരഹരം ധാരയൻ മാനസേന

സംസ്ഥ്യായാൽ തീർത്ഥപാദസ്യ ച വിമലമതിർവിസ്മരംസ്തത്ര മാർഗ്ഗേ

ഗത്വാ ഭാര്യാനിയോഗം ശ്രുതിപടുഹൃദയസ്സ്വാന്തരേവം വ്യചിന്തീത്

 ഹന്ത! ഹരിചരിതമതിതു ചിന്തചെയ്യും വിധൗ

എന്തൊരു വിശേഷമതികാന്തതരമത്രേ

അന്തകപുരാരിനതനന്തരം കൂടാതെ

ചന്തമിയലുന്നൊരു പൂജാം വിധായ സുഖ-

പാനാശനാദിയാൽ തുഷ്ടനാക്കീടിനാൻ;

നിദ്രാം വെടിഞ്ഞു നിശി വ്യജനമതുകൈക്കൊണ്ടു

വിദ്രുതം വീജനം ചെയ്തു രമ നിന്നതും

വിപ്രസതി കേശവനു ഭക്തിയൊടു നൽകിയ

കുപൃഥുകമൊട്ടു ഹരി വാങ്ങിയതശിച്ചതും

ദാരിദ്ര്യവൃത്തമൊരു ലേശവും ചൊൽവതിനു

പാരമതയർത്തു ഞാൻ കൃഷ്ണമായാഭ്രമാൽ

വിധിവിഹിതമഞ്ജസാ മാറുവാൻ ദേവകളു-

മതിചതുരരല്ലഹോ നിർണ്ണയം പാർക്കിലോ

മധിമാഥിഭവനമതിലിനിയുമിഹ പോവതും

അധികമൊരു ഹേളനം ശിവ ശിവ! മനോഗതം

ബന്ധുരതരഭംഗിയോടു മൽപുരേ ചെന്നു ഞാൻ

എന്തുപുനരോതുന്നു നൈവജാനേം

അർത്ഥം: 

ശ്ലോകസാരം.

ഭർത്രേ യാത്രാം നിവേദ്യ…

ലോകനാഥനായ ശ്രീകൃഷ്ണനോടു യാത്രചോദിച്ച് ആ മുരനെ കൊന്നവനെ തന്നെ ആലോചിച്ചുകൊണ്ട് ആ തീർത്ഥപാദൻ്റെ വീട്ടിൽ നിന്ന് പുറപ്പെട്ട് ഭഗവാൻ്റെ അനുഗ്രഹത്താൽ കിട്ടിയ സമ്പത്തോടുകൂടിയവനും ബ്രാഹ്മണവംശമാകുന്ന സമുദ്രത്തിന്നു ചന്ദ്രനായിട്ടുള്ളാവർനും വിമലമതിയുമായ (തെറ്റുകുറ്റങ്ങൾ ഇല്ലാത്തവനുമായ, മലം വിമലം എങ്ങിനെ ഒറ്റവാക്കിൽ അർത്ഥം പറയണം എന്ന് അറിയില്ലാ) കുചേലൻ താൻ മറന്നു പോയ ഭാര്യാനിയോഗത്തെ മടക്കയാത്രയുൽ ആലോചിച്ചു.

പദം:- 

ശിവനാൽ പോലും വന്ദിക്കപ്പെടുന്ന ശ്രീകൃഷ്ണൻ അതിസുന്ദരമായ തൻ്റെ മണിമാളികയിൽ കയറ്റി മാനിച്ച് ഇരിത്തിക്കൊണ്ട് പൂജസൽകാരാദികളും ആഹാരവും പാനീയങ്ങളും നൽകി, തന്നെ സന്തുഷ്ടനാക്കിയിരിക്കുകയാണ്. രമാദേവി (രുക്മിണി) രാത്രി മുഴുവനും ഒട്ടും ഉറങ്ങാതെ വിശറി കൊണ്ട് തന്നെ വീശിക്കൊണ്ടു നിന്നതും ഭാര്യ തന്നയച്ച ചീത്ത അവിൽ ഭഗവാൻ കൃഷ്ണൻ തന്നെ തട്ടിപ്പറിച്ച് ഭക്ഷിച്ചതും എല്ലാം മനസ്സിൽ സൃഷ്ടിച്ച മായാഭ്രമത്തിൽ സ്വയം മറന്ന എനിക്ക് എൻ്റെ ദാരിദ്ര്യദുഃഖത്തെ പറ്റി പറയാൻ കൂടെ കഴിഞ്ഞില്ല. തലയിലെഴുത്ത് പെട്ടെന്ന് മാറ്റാൻ ദേവന്മാർക്കു പോലും സാമർത്ഥ്യമില്ലല്ലൊ. മധു (ഒരു അസുരൻ) ശത്രുവായ ആ ഭഗവാൻ്റെ ഭവനത്തിലേക്ക് ഇനി ഒന്നുകൂടി പോകുക എന്നതിൽ പരം വേറെയുണ്ടോ? (ദാരിദ്ര്യദുഃഖത്തെ പറ്റി പറയാൻ) ശിവ ശിവ! ഇനി ഞാൻ എന്ത് ചെയ്യാൻ? വീട്ടിൽ ചെന്ന് ഭാര്യയോട് എന്താണ് പറയുക എന്ന് എനിക്കറിയില്ല.