രാഗം: സുരുട്ടി
താളം: ചെമ്പട
ആട്ടക്കഥ: കുചേലവൃത്തം
കഥാപാത്രങ്ങൾ:
കുചേലൻ
പുഷ്കര വിലോചനാ ത്വൽകൃപാ കാരണേന
ചൊൽക്കൊണ്ട കൃതാർത്ഥേഷു ഇക്കാലമഗ്രഗണ്യൻ
നിഷ്ക്കിഞ്ചന ഭൂസുരനെ പൊക്കമേറും സൗധമേറ്റി
സൽക്കരിച്ചതുമോർത്താൽ മൽഭാഗ്യമെന്തു ചൊൽവൂ!
ത്വൽപ്പാദം ചേരുവോളവും അൽപ്പേതരയാം ഭക്തി
അപ്രമേയ ! തന്നീടണം ഇപ്പോളഹം യാമി ഗേഹം
പാരാതെ മൽക്കുടുംബിനി വരവും മേ ഹരേ ! പാർത്തൂ
മരുവുന്നു ശിശുക്കളും ദർശനം പുനരസ്തു
അർത്ഥം:
അല്ലയോ താമരക്കണ്ണാ, അങ്ങയുടെ കൃപ കാരണമായി ഞാൻ ഇപ്പോൾ കൃതാർത്ഥന്മാരിൽ (സംതൃപ്തന്മാരിൽ) ഒന്നാമനാണ്. പറയാനൊന്നും ഇല്ലാത്തെ ഈ സാധുവായ ബ്രാഹ്മണനെ പൊക്കുമുള്ള ഈ മാളികമുകളിൽ ഏറ്റി അവിടുന്ന് സൽക്കരിച്ചത് വിചാരിച്ചാൽ എൻ്റെ ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ! അങ്ങയുടെ പാദങ്ങളിൽ ചേരുന്നത് വരേയ്ക്കും എനിക്ക് പരമമായ ഭക്തി അപ്രമേയാ (വിശേഷിപ്പിക്കാനോ വിവരിക്കാനോ സാധിക്കാത്തവൻ, പരബ്രഹ്മം) തന്നീടേണം. ഞാൻ ഇപ്പോൾ തിരിച്ച് വീട്ടിൽ പോകുന്നു. എൻ്റെ ഭാര്യ എന്നേയും കാത്ത് ഇരിക്കുന്നുണ്ട്. കുട്ടികളും കാത്തിരിക്കുന്നുണ്ട്. ഇനിയും കൂടിക്കാണാൻ സാദ്ധ്യമാകട്ടെ.