ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കുചേലവൃത്തം
  5. ദാനവാരി മുകുന്ദനേ സാനന്ദം കണ്ടീടാൻ വിപ്രൻ

ദാനവാരി മുകുന്ദനേ സാനന്ദം കണ്ടീടാൻ വിപ്രൻ

രംഗം 4 വിചാരപ്പദം 

രാഗം: പുന്നഗവരാളി
താളം: ചെമ്പട
ആട്ടക്കഥ: കുചേലവൃത്തം
കഥാപാത്രങ്ങൾ: 
കുചേലൻ

ധാത്രീനിർജ്ജരവര്യനാത്മമഹിഷീ മുക്ത്വൈവ യാത്രാം നിജം
കൃത്യം പ്രാതരരം വിധായ വിധിവൽ കൌതൂഹലം പൂണ്ടുടൻ
ദൈത്യാരാദിയിലൊട്ടെഴുന്നൊരു മഹാഭക്ത്യബ്ധി മദ്ധ്യേ ചിരം
സ്നാത്വാ മംഗലവീക്ഷണേന കമലാജാനേ പുരീ നിര്യയൌ 

ദാനവാരി മുകുന്ദനേ സാനന്ദം കണ്ടീടാൻ വിപ്രൻ
താനേ നടന്നീടിനാലെ ചിന്ത ചെയ്തു
സൂനബാണ സുഷമനാമാനന്ദ മൂർത്തിയെച്ചെന്നു
നൂനം ഞൻ കണ്ടീടുന്നുണ്ടു നിസ്സന്ദേഹം !
നാളീകാക്ഷൻ തന്നെ, യെത്ര നാളായിട്ടു കാണ്മാൻ ഞാനും

മേളിത സന്തോഷത്തോടു വാണീടുന്നു (മേവീടുന്നു – എന്ന് പാഠഭേദം)

ആചാര്യാലയത്തിൽ നിന്നു മോചിച്ചതിലച്ച്യുതനാം
മേചകവർണ്ണനെക്കണ്ടിട്ടില്ലാ ഞാനും
പ്രാകൃത ഭൂസുരൻ തന്നെക്കാണുന്നേരമുള്ളിൽ
സർവ ലോകനാഥനുണ്ടാകുമോ വിസ്മൃതിയും
അന്തരണരിലേറ്റം കൃപാ സന്ത തം മുകുന്ദനുള്ള
ചിന്തമൂലം ബന്ധുരാംഗൻ മാനിച്ചീടും

അർത്ഥം: 

ആ ഭൂമീദേവശ്രേഷ്ഠൻ തന്റെ ഭാര്യയോട് ഇപ്രകാരം പറഞ്ഞിട്ട് പെട്ടെന്ന് പ്രഭാതത്തിലെ വിധായം വണ്ണമുള്ള സ്നാനാദി കർമ്മങ്ങളെച്ചെയ്തു തീർത്ത് തന്റെ യാത്രയിൽ കൗതൂഹലം പൂണ്ട് ഭഗവാൻ ശ്രീകൃഷ്ണനിൽ നിറഞ്ഞ വലുതായ ഭക്തിയാകുന്ന സമുദ്രത്തിൽ അത്യധികം മുങ്ങി കുളിച്ച് ശുഭശകുനങ്ങൾ കണ്ടുകൊണ്ട് ലക്ഷ്മീനാഥന്റെ വസതിയായ ദ്വാരകയിലേക്ക് പുറപ്പെട്ടു.
ദാനവന്മാരുടെ ശത്രുവായ മുകുന്ദനെ സന്തോഷത്തോടെ കാണാൻ ബ്രാഹ്മണൻ തനിച്ച് നടന്നു പോകുമ്പോൾ ഇങ്ങനെ ചിന്തിച്ചു. സുന്ദരനായ ആ ആനന്ദമൂർത്തിയെ ഞാൻ തീർച്ചയായും കാണുന്നുണ്ട്. താമരക്കണ്ണനെ ഞാൻ എത്രകാലമായി കാണാൻ മോഹിക്കുന്നു! ഗുരുവിന്റെ അടുക്കൽ നിന്നും പോന്നതിനുശേഷം ആ കറുത്തനിറമുള്ളവനെ ഞാൻ കണ്ടിട്ടില്ല. ഇപ്പോൾ ഈ പ്രാകൃതനായ ബ്രഹ്മണനെ കാണുമ്പോൾ ലോകനാഥനായ ശ്രീകൃഷ്ണനു മറവി ഉണ്ടാകുമൊ? ബ്രാഹ്മണരിൽ ഏറ്റവും അധികം കൃപയുള്ളതിനാൽ മുകുന്ദൻ എന്നെ മാനിയ്ക്കും. (അവഗണിക്കില്ല ഒരിക്കലും എന്ന് സാരം.)