ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കുചേലവൃത്തം
  5. കാരുണ്യനിധേ കാന്താ കഴലിണ

കാരുണ്യനിധേ കാന്താ കഴലിണ

രംഗം 3 കുചേലവസതി തുടരുന്നു.കുചേല പത്നി കുചിപിടകം കൊണ്ടു വരുന്നു

രാഗം: നാഥനാമാഗ്രി
താളം: ചെമ്പ
ആട്ടക്കഥ: കുചേലവൃത്തം
കഥാപാത്രങ്ങൾ:
 കുചേല പത്നി

ഇത്ഥംഭർത്തൃഗിരം നിശമ്യ വിദുഷീവിപ്രാംഗനാ വിദ്രുതം
യാമിന്യാമഭിശസ്തിലബ്ധകുഡുബവ്രീഹിം വിധായോപദാം
മൃദ്ഗ്രാവാദി (മൃദ്ഗ്രാവാഭി -എന്നും പാഠഭേദം)
വിമിശ്രിതം ചിപിടകം ഹസ്തേ വഹന്തീ സതീ
ഭർത്താരം സമുപേത്യ ഭക്തിവിവശാ വാചം സമാചഷ്ട തം

കാരുണ്യനിധേ കാന്താ കഴലിണ കൈതൊഴുന്നേൻ (കാരുണ്യ നിധേ കാന്ത കാലിണ കൈവണങ്ങുന്നേൻ – എന്ന് പാഠഭേദം)

കമലാക്ഷനുള്ളുപഹാരം കനിവോടെ ഗ്രഹിച്ചാലും
കർപ്പുടസംപുടാന്തസ്ഥമിപൃഥുകം വാങ്ങി മോദാൽ
വിപ്രപുംഗവ! ഭവാനും ക്ഷിപ്രം യാഹി കുശസ്ഥലീം
അല്പമാമുപായനേന ചിൽപ്പുമാനാം മുകുന്ദനെ
സുപ്രസന്നനാക്കി ഭവാൻ ഇപ്പോഴേ പോന്നീടവേണം

അർത്ഥം

ശ്ലോകസാരം. ഇത്ഥം ഭർത്തൃഗിരം..

ഇങ്ങനെ ഭർത്താവിന്റെ വാക്കുകേട്ടിട്ട് വിദുഷിയായ ആ ബ്രാഹ്മണസ്ത്രീ പെട്ടെന്ന് ആ രാത്രിയിൽ തന്നെ ഓരോരോ വീടുകളിൽ ചെന്ന് ഇരന്നുകിട്ടിയ നാഴിനെല്ല് (ഭഗവാനുള്ള കാഴ്ച) ദ്രവ്യമാക്കിത്തീർത്ത കല്ലും മണ്ണും ഇടകലർന്ന അവിൽ കയ്യിലെടുത്തുകൊണ്ട് ഭർത്താവിനെ സമീപിച്ചു ഭക്തിവിവശയായി അദ്ദേഹത്തോടു പറഞ്ഞു.

മൃത്ത്=മണ്ണ്. ഗ്രാവം കല്ല്. എന്നിവ കലർന്ന അവിൽ. മൃദ്ഗ്രാവാഭി എന്നും മൃദ്ഗ്രാവാദി എന്നും പാഠഭേദം.
 
കരുണയുടെ ഇരിപ്പിടമായ അല്ലയോ ഭർത്താവേ! ഞാൻ അങ്ങയുടെ കാല്പാദങ്ങളെ വന്ദിക്കുന്നു. താമരക്കണ്ണനായ കൃഷ്ണനു നൽകാനുള്ള സമ്മാനം ദയവായി സ്വീകരിച്ചാലും. അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ, കല്ലും മണ്ണുംചേർന്ന ഈ അവിൽ വാങ്ങി, , അങ്ങ് വേഗം ദ്വാരകയിലേക്ക് പുറപ്പെട്ടാലും. അവിടെ ചെന്ന് ഭഗവാൻ കൃഷ്ണനെ പ്രസാദിപ്പിച്ച് ഇപ്പോൾ തന്നെ വരണം.