ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കുചേലവൃത്തം
  5. കലയാമിസുമതേ ഭൂസുരമൌലേ

കലയാമിസുമതേ ഭൂസുരമൌലേ

രംഗം 5 ദ്വാരക

രാഗം: ശങ്കരാഭരണം
താളം: ചെമ്പട
ആട്ടക്കഥ: കുചേലവൃത്തം
കഥാപാത്രങ്ങൾ: ശ്രീകൃഷ്ണൻ

ശ്ലോകം 

 ലക്ഷ്മീതല്പേ
മുരാരിർദ്വിജവരമുപവേശ്യാത്മജായാസമേതോ

ബാഹുഭ്യാം നേനിജാനേ
നിജയുവതികരാലംബിഭൃംഗാരവാരാ

തൽപ്പാദം തോയഗന്ധാദിഭിരഥ വിധിവത് സാധു സം‌പൂജ്യ മന്ദം

ലിംബൻ പാടീരപങ്കം മധുരതരഗിരം പ്രാഹ തം വാസുദേവഃ 

കലയാമിസുമതേ ഭൂസുരമൌലേ !

കലിതാനന്ദമെനിക്കു കനിവോടു തവാഗമം 

സരണീ പരിശ്രമങ്ങൾ പാരമില്ലാതെയല്ലീ

പരമ ധാർമ്മികനത്ര പാരാതെ വന്നതും ?

കരണീയമെന്തു തുഭ്യം പരിചിൽ കിമു കുശലം

ചിരകാലമായില്ലയോ ദർശനം മുദാവയോഃ ? 

പൃഥ്വീസുരാ തേ പാദതീർത്ഥമേൽക്കയാലിന്നു

എത്രയും കൃതാർത്ഥനായ് വർത്തിക്കുന്നേഷ ഞാനും

സത്തുക്കളുടെ സംഗം തീർത്ഥസ്നാന സമാനം

ശാസ്ത്ര വിശ്രുതമതു ചിത്തേ ബോധമല്ലയോ ? 

സാന്ദീപനി മുനിതൻ സദനേ യുഗപദാവാം

വേദാദിപാഠം ചെയ്തതധുനാ വിസ്മൃതമായോ ?

വേദവിദാം വരന്റെ മദിരാക്ഷി നിയോഗത്താൽ

ഏധാംസി സമാർജ്ജിപ്പാൻ യാതരായതുമില്ലേ ? 

ഇന്ധനസമ്പാദനാനന്തരമൊരു കാട്ടിൽ

അന്തണാധിപാ ! വാണു സന്ധ്യയും വന്നു കൂടി

ബന്ധം വിനാ വൃഷ്ടിയുമന്ധകാരവും കൊണ്ടു

താന്തരായ് നമ്മൾ വല്ലീ ബന്ധത്തിൽ വാണതില്ലേ 

ചീർത്ത വാത ഭീതിയാൽ ഹസ്തങ്ങൾ പരസ്പരം

കോർത്തു തുറപ്പിൽ പാർത്തു രാത്രിയെ നയിച്ചതും

മാർത്താണ്ഡോദയേ മുനി സത്തമൻ നമ്മേക്കാണാ-

ഞ്ഞാർത്തനായ് തിരഞ്ഞു കണ്ടെത്തി വനത്തിൽ വന്നു

 പിന്നെ നാം മുനിയോടുമൊന്നിച്ചുടജേ ചെന്നു

വന്ദിച്ചു ദാരുഷണ്ഡം മുന്നിൽ വച്ചൊരു നേരം

നന്ദിച്ചനുഗ്രഹിച്ചു ധന്യനാം മുനി നമ്മെ

അന്യം ഗുരു കടാക്ഷാലൊന്നു വേണമെന്നുണ്ടോ ? 

ബ്രഹ്മസത്തമനുടെ നന്മ കൊണ്ടല്ലോ നമ്മൾ

ജന്മസാഫല്യത്തേയും ചെമ്മേ ലഭിക്കുന്നല്ലീ ?

സമ്മതമല്ലോ ഗുരുദക്ഷിണാ ശക്തിപോലെ

ബ്രഹ്മകുലാവതംസാ ! ചെയ്തെന്നാലേറെ നല്ലൂ

സിന്ധുവിൽ മൃതനായ ഹന്ത! ഗുരുസുതനെ

അന്തരം കൂടാതെ കണ്ടന്തകനൊടു വാങ്ങി

അന്തണനനു ദക്ഷിണ ചന്തത്തിൽ ചെയ്കയാലേ

സന്തോഷം സർവ ശാസ്ത്ര സിന്ധോ നൽകുന്നദ്യാപി.

അർത്ഥം: 

ശ്ലോകം :

രുക്മിണിയോടുകൂടിയവനായശ്രീകൃഷ്ണൻ ആ ബ്രാഹ്മണശ്രേഷ്ഠനെ ലക്ഷ്മീതല്പം (തന്റെ മഞ്ചം) ഇരുത്തിയിട്ട്, സ്വറ്ണ്ണപിടീയുള്ള മോന്തയിൽ (കിണ്ടി) നിന്ന് രുക്മിണി ഒഴിച്ചുകൊടുത്ത വെള്ളം കൊണ്ട് ആ ബ്രാഹ്മണന്റെ കാൽ തന്റെ കൈകൾ കൊണ്ട് കഴുകിയിട്ടു വെള്ളം പൂവ് വിവിധ ഗന്ധങ്ങൾ എന്നിവകൊണ്ട് വിധിയാം വണ്ണം പൂജിച്ച് സാവധാനം ചന്ദനക്കൂട്ട് പൂശി. എന്നിട്ട് ആ വാസുദേവൻ ആ ബ്രാഹ്മണനോട് അതിമധുരതരമായ ഇപ്രകാരമുള്ള വാക്കുകൾ പറഞ്ഞു.   

അല്ലയോ സുമനസ്സായ ബ്രാഹ്മണശ്രേഷ്ഠാ, അങ്ങയെ ഞാൻ നമസ്കരിക്കുന്നു.ദയയോടുകൂടിയ അങ്ങയുടെ ഈ വരവ് എന്നിൽ വലുതായ ആനന്ദം പകരുന്നു. വഴിയിൽ വല്ലാതെ ബുദ്ധിമുട്ടൊന്നും കൂടാതെ അല്ലേ ധാർമ്മികനായ അങ്ങ് വന്നതും? (യാത്രാക്ലേശങ്ങൾ ഒന്നും ഉണ്ടായില്ലല്ലൊ എന്ന് വ്യഗ്യം.) അങ്ങയ്ക്ക് വേണ്ടി ഞാൻ എന്താണ് ചെയ്യണ്ടത്? സുഖം തന്നെ അല്ലേ? ഒരുപാട് കാലമായല്ലൊ നമ്മൾ തമ്മിൽ കണ്ടിട്ട്.അല്ലയോ ഭൂദേവാ (ബ്രാഹ്മണാ) അങ്ങയുടെ പാദതീർത്ഥം ഏൽകയാൽ (പാദം കഴുകിയ വെള്ളം തീർത്ഥം പോലെ ആണല്ലൊ) ഇന്ന് ഞാൻ ഏറ്റവും തൃപ്തി ഉള്ളവനായിരിക്കുന്നു. സത്തുക്കൾ (സജ്ജനങ്ങൾ) ആയുള്ള കൂടിച്ചേരൽ തീർത്ഥത്തിൽ കുളിക്കുന്നതിനു തുല്യം ആണെന്ന് പണ്ടേ ശാസ്ത്രത്തിൽ പ്രസിദ്ധമാണല്ലൊ. അത് അറിയാമല്ലൊ! സാന്ദീപനി മുനിയുടെ ആശ്രമത്തിൽ പണ്ട് വേദം മുതലായ പാഠങ്ങൾ പഠിച്ചത് മറന്നുവോ? വേദപണ്ഡിതനായ ഗുരുവിന്റെ ഭാര്യ ആവശ്യപ്പെട്ട പ്രകാരം വിറകുകൊണ്ടുവരാനായി നമ്മൾ പോയത് ഓർമ്മ ഇല്ലേ? വിറകിനായി നമ്മൾ ഒരു കാട്ടിൽ പോയി വിറക് ശേഖരിക്കുന്ന സമയത്ത് സന്ധ്യ ആയി. അത് മാത്രമല്ല നല്ല മഴയും പെയ്തു. ഇരുട്ടുമായി. അപ്പോൾ ക്ഷീണിതരായ നമ്മൾ ഒരു വള്ളിക്കുടിലിനുള്ളിൽ കഴിഞ്ഞില്ലേ? ആഞ്ഞടിച്ച കാറ്റുമൂലം ഭയന്നുവിറച്ച നമ്മൾ പരസ്പരം കൈകൾ കോർത്ത് പിടിച്ച്, പേടിച്ചുവിറച്ചുകൊണ്ട് രാത്രി ആ വള്ളിക്കുടിലിൽ കഴിഞ്ഞത് ഓർമ്മ ഇല്ലേ? എന്നിട്ട് രാവിലെ ആയപ്പോൾ, നമ്മളെ കാണാത്തതിനാൽ മുനി നമ്മളെ തിരഞ്ഞ് കാട്ടിൽ വന്നു. ശേഷം നമ്മൾ വിറകുചുമടുമേറ്റി മുനിയുടെ ആശ്രമത്തിൽ (ഉടജേ=ആശ്രമത്തിൽ) ചെന്ന് വിറകുകെട്ട് ഇറക്കിവെച്ചപ്പോൾ ആ ധന്യനായ മുനി നമ്മളെ നന്ദിപൂർവ്വം അനുഗ്രഹിച്ചില്ലേ? ഇതിൽ പരം ഗുരുകടാക്ഷം അല്ലാതെ നമുക്ക് മറ്റെന്താണ് വേണ്ടത്? .