ഇളകി ആട്ടങ്ങളും പ്രത്യേക ന്യത്തകർമ്മങ്ങളും

ആട്ടങ്ങൾ ആട്ടക്കഥയുടെ ഭാഗമായല്ല നിർമ്മിക്കപ്പെട്ടിരിക്കുന്നത്‌. കഥകളി ആചാര്യൻമാർ കാലാകലങ്ങളിൽ സ്ഫുടം ചെയ്തെടുത്ത ആട്ടക്രമം തലമുറ തലമുറ കൈമാറി വരുകയാണ്‌.
ഉദ്യാനവർണന,വനവർണന,സ്വർഗ്ഗവർണന: പേര്‌ സൂചിപ്പിക്കുന്ന പോലെ ഇവ വർണനകളാൽ നിറഞ്ഞതാണ്‌. കൊടുങ്ങല്ലൂർ തമ്പുരാക്കൻമാർ ഉണ്ടാക്കിയ ശ്ലോകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്‌ ഒരോ വർണനയും അഭിനയിക്കുന്നത്‌. നളചരിതം രണ്ടാം ദിവസം (ഉദ്യാനവർണന), മൂന്നാം ദിവസം, കല്യാണസൗഗന്ധികം(വനവർണന), കാലകേയവധം (സ്വർഗവർണന) എന്നീവയിലാണ്‌ ഇവ പ്രധാനമായും പ്രയോഗത്തിൽ വരുന്നത്‌.
ശബ്ദവർണന: നരകാസുരൻ(നരകാസുരവധം), ഹനൂമാൻ(കല്ല്യാണസൗഗന്ധികം) എന്നിവർ ശബ്ദം കേൾക്കുന്നത്‌ എന്തെന്ന്‌ ആരാഞ്ഞുകൊണ്ട്‌, വ്യത്യസ്ത രീതിയിൽ.
തന്റേടാട്ടം: ശ്യംഗാരപദമില്ലാത്ത കത്തി, താടി വേഷങ്ങൾ തിരനോക്കിനു ശേഷം ആമുഖമായി ആടുന്നതാണ്‌ തന്റേടാട്ടം. 'എനിക്കു സുഖം ഭവിച്ചു...' എന്നു തുടങ്ങുന്ന ആട്ടം കാഥാപാത്രത്തിന്റെ പൂർവ്വചരിത്രവും തന്റേടവും അനാവരണം ചെയ്യുന്ന തരത്തിൽ.
കരിവട്ടം: കരി(പെൺ)വേഷങ്ങൾക്കായി സ്ത്രൈണ ഭാവചലനങ്ങളിലുള്ള ഒരുങ്ങലും കുമ്മിയടിയും പന്തടിയും എല്ലാം അടങ്ങിയത്‌.
പടപ്പുറപ്പാട്‌: കഥയോ കാഥാപാത്രമോ ഏതുതന്നെയായാലും യുദ്ധ സന്നാഹമൊരുക്കുന്ന പൊതുവായ ചടങ്ങാണിത്‌. നരകാസുരൻ(നരകാസുരവധം), കിർമ്മീരൻ(കിർമ്മീരവധം), രാവണൻ(രാവണവിജയം) എന്നീ 'കത്തി' കളാണ്‌ പ്രധാന പ്രയോക്താക്കൾ. വില്ല്‌ വളച്ചുകുത്തി ഞാൺ വലിച്ചുകെട്ടൽ, വാളും പരിചയും, കുന്തം, ശൂലം എന്നിവ ഇണക്കം നോക്കി രഥത്തിൽ വെച്ചുകെട്ടൽ, വാള്‌ ഉറയിൽ വെച്ചുകെട്ടൽ, മാർചട്ടയണിയൽ എല്ലാം നടന്റെ ശരീര ഭാഷ കൊണ്ട്‌ ദ്യശ്യരൂപമൊരുക്കൽ.
യുദ്ധവട്ടം: ബാലിവധം, കീചകവധം(മല്ലവലലൻമാരുടെ), ദക്ഷയാഗം എന്നിവയൊഴികെ എല്ലാ യുദ്ധങ്ങളും ഒരുപോലെയാണെന്ന്‌ പറയാം. മല്ലവലലൻമാർക്കും ബാലിസുഗ്രീവൻമാർക്കും ലവണാസുരവധത്തിലും ദൈർഘ്യസൂചകമായി ചെമ്പവട്ടത്തിലും യുദ്ധമുണ്ട്‌. ബാലിസുഗ്രീവൻമാരുടെ യുദ്ധം മറ്റു യുദ്ധരംഗങ്ങളിൽ നിന്ന്‌ വ്യത്യസ്തമായി പർവ്വതം ചുറ്റൽ, മീശപിരിയ്ക്കൽ, പലതരത്തിലുള്ള അലർച്ചകളും വാനരശബ്ദങ്ങളും പുറപ്പെടുവിക്കൽ, ചൊറിയൽ, കിടന്ന്‌ ചവുട്ടൽ, പുലി പതിയിരുന്ന്‌ ആക്രമിക്കുന്ന തരത്തിലുള്ള പുലിയങ്കം തുടങ്ങി വാനര സോദരരുടെ അവസ്ഥക്ക്‌ യോജിക്കും വിധം.
പ്രത്യേക കഥാപാത്രത്തിനു നിർവ്വഹിക്കാനുള്ള ആട്ടങ്ങൾ: വേർപാട്‌(നളചരിതം രണ്ടാം ദിവസം/നളൻ),ത്യഗർത്തവട്ടം(ഉത്തരാസ്വയംവരം/ത്യഗർത്തൻ),തേർക്കൂട്ടികെട്ടൽ(കാലകേയവധം/മാതലി),മാലയിടൽവിവാഹം (സുഭദ്രാഹരണം/അർജജുനൻ) ശരകൂടനിർമ്മാണം (സന്താനഗോപാലം/അർജജുനൻ) കൂടാതെ 'പ്രധാന ആട്ട'ങ്ങളിൽ കാണുക.
കഥകളിയുടെ സമഗ്രമേഖലകളേയും ആട്ടങ്ങളേയും കുറിച്ച്‌ വിശദീകരിക്കുന്ന കലാമണ്ഡലം പദ്മനാഭൻനായരാശന്റെ എതിരില്ലാത്ത ക്യതികളായ 'കഥകളി വേഷം', 'ചൊല്ലിയാട്ടം', 'നാട്യാചാര്യന്റെ ജീവിതമുദ്രകൾ' എന്നിവ നമുക്ക്‌ ലഭിച്ച നിധികളായി കാണാവുന്നതാൺ്‌.