രംഗം 8

കുറിപ്പ്: 

ഇപ്രകാരം
ലക്ഷ്മണന്റെ വാക്കുകേട്ട് ദു:ഖംവിട്ട രാമൻ‍, നടന്ന്
ഋഷ്യമൂകപര്‍വ്വതത്തിനടുത്തെത്തി. ആ സമയം അവിടെ വസിച്ചിരുന്ന കപിശ്രേഷ്ഠനായ
സുഗ്രീവന്‍ രാമനെകണ്ട് ഭയപ്പെട്ട് ദു:ഖത്തോടെ വാനരതലവന്മാരോട് പറഞ്ഞു.



സുഗ്രീവന്‍ വീരഭാവത്തിലുള്ള തിരനോക്ക് കഴിഞ്ഞ് വീണ്ടും തിരതാഴ്ത്തി
ഇരുന്നാട്ടം-



സുഗ്രീവൻ‍:
‘കഷ്ടം! എനിക്ക് ഇങ്ങിനെ വന്നല്ലൊ? തലയിലേലെഴുത്ത് മായ്ച്ചാല്‍ പോകുമൊ? ആ
മായാവിയെന്ന അസുരന്‍ നിമിത്തം ജേഷ്ഠനായ ബാലി എന്റെ വലിയ
ശത്രുവായിതീര്‍ന്നു. അതിനാല്‍ ഞാന്‍ ബാലിയെ ഭയന്ന് ഇവിടെ
ഋഷ്യമൂകാചലത്തില്‍ വന്ന് കഴിയുന്നു. ഇവിടെ വന്നാല്‍ തലപൊട്ടിത്തെറിച്ച്
മരിക്കുമെന്ന് പണ്ട് മതംഗമുനി ശപിച്ചിട്ടുണ്ട്. അതിനാല്‍ ബാലി ഇവിടെ
കാലെടുത്തു കുത്തുകയില്ല. ഞാനിവിടെ കായ്കനികളുംഭക്ഷിച്ച് കഴിയുമ്പോള്‍
എന്റെ ഭാര്യയേയും അപഹരിച്ച് ബാലി കിഷ്കിന്ധയില്‍ സസുഖം വാഴുന്നു.
ഞാനിങ്ങിനെ എത്രകാലം കഴിയണം. എനിക്ക് സഹായത്തിനാരുണ്ട്?‘ (ആലോചിച്ചിട്ട്)
‘വഴിയുണ്ട്’ (ഇത് അറിയാനായി ഇലയിട്ട് നോക്കിയിട്ട്) ‘എന്ത്? എന്നെ
സഹായിക്കാന്‍ അളുണ്ടെന്നോ? എവിടെ?‘ (ദൂരേക്ക്നോക്കി) ‘അതാ ദൂരേനിന്നും
രണ്ടുപേര്‍ വരുന്നുതുകാണുന്നു. അവര്‍ ജടാവൽ‌ക്കലധാരികളാണ്. താപസരാണോ?.
എന്നാല്‍ കയ്യില്‍ ചാപബാണങ്ങളേന്തിയിട്ടുണ്ട്,മുഖത്ത് രാജതേജസ്സും
കാണാനുണ്ട്. ആരാണിവര്‍?’ (ആലോചിച്ചിട്ട്) ‘ഹോ! ജേഷ്ഠന്‍ എന്നെ
വധിക്കുവാനായി പറഞ്ഞുവിട്ടതായിരിക്കുമൊ ഇവരെ? അറിയുകതന്നെ’
(‘അഡ്ഡിഡ്ഡിക്കിട‘ ചവുട്ടി ഹനുമാനെ കണ്ട്) ‘അല്ലയൊ ഹനൂമാൻ‍, ആ വരുന്നവര്‍
ആരെന്ന് വേഗം പോയ് അറിഞ്ഞാലും. ശത്രുക്കളാണെങ്കില്‍ പെട്ടന്നു
കൊന്നുകളയുക. മിത്രമെന്നാകില്‍ കൂട്ടിക്കൊണ്ടുവരിക.’ (ഹനുമാനെ യാത്രയാക്കി
തിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട‘ ചവുട്ടി) ‘അതാ,ഹനുമാന്‍ ഒരു ബ്രാഹ്മണവേഷം
ധരിച്ച് അവരുടെ സമീപത്തു ചെന്നു. അവര്‍ എന്തോ സംസാരിച്ചു നില്‍ക്കുന്നു.
ദാ, ഹനുമാന്‍ അവരെ തോളിലേറ്റി കൊണ്ടുവരുന്നു.ആകട്ടെ ഇനി അവരെ കണ്ട്
വഴിപോലെ വൃത്താന്തങ്ങള്‍ അറിയുകതന്നെ.’



സുഗ്രീവന്‍ നാലാമിരട്ടിയെടുത്ത് തിരപൊക്കുന്നു.

(തിരശ്ശീല)



ഏവം ലക്ഷ്മണവാക്കിനാല്‍ മുദിതനായ് രാമന്‍ നടന്നഞ്ജസാ

കല്യാണാലയമ്ര്യശ്യമൂകനികടേ ചെല്ലുന്ന നേരം ചിരം

ആവാസീ ഗിരിപുഗവേ കപിവരന്‍ കണ്ടിട്ടു രാമം ഭയാല്‍

താപത്താല്‍ കപിയൂഥമാന്നിജഗദേ സുഗ്രീവനാമാകപി: