ഗംഗോൽപ്പത്തി

കിരാതം ആട്ടക്കഥയിൽ അർജ്ജുനൻ ഗംഗാതടത്തിലെത്തുമ്പോൾ ഇത് ആടാറുണ്ട്.
 
 
സൂര്യവംശ രാജാവായിരുന്ന സഗരന്റെ യാഗാശ്വത്തെ ഒരിക്കൽ ഇന്ദ്രൻ മോഷ്ടിച്ച് പാതാളത്തിൽ തപസ്സുചെയ്തുകൊണ്ടിരുന്ന കപിലമഹർഷിയുടെ സമീപത്തിൽ കൊണ്ടുപോയി കെട്ടിയിട്ടു. സഗരന് സുമതിയെന്ന പത്നിയിൽ ജനിച്ചവരായ അറുപതിനായിരം പുത്രന്മാർ യാഗാശ്വത്തെ അന്വേഷിച്ച് പുറപ്പെട്ടു. പലയിടങ്ങളിലും അന്യൂഷിച്ച് പാതാളത്തിലെത്തിയപ്പോൾ കുതിരയെ കണ്ടുകിട്ടിയതിനാൽ സന്തോഷവാന്മാരായിതീർന്ന അവർ ആർത്തുവിളിച്ചു. തപസ്സ് ഭംഗപ്പെട്ട് ഉണർന്ന കപിലമഹർഷി അതിനുകാരണക്കാരായ സഗരപുത്രന്മാരെയെല്ലാം തന്റെ നേത്രാഗ്നിയാൽ ചുട്ടുചാമ്പലാക്കി. ഇവർക്ക് ശേഷക്രിയചെയ്യുവാനായി സഗരൻ തന്റെ മറ്റൊരു ഭാര്യയായ കേശിനിയിൽ പിറന്ന പുത്രനായ അസമഞ്ജസ്സിനെ ചുമതലപ്പെടുത്തി. എന്നാൽ അവർക്ക് സത്ഗതി നൽകുവാൻ അസമഞ്ജസ്സിനോ അദ്ദേഹത്തിന്റെ പുത്രനായ അംശുമാനോ സാധിച്ചില്ല. അതിനാൽ അംശുമാന്റെ പുത്രനായ ഭഗീരഥൻ തന്റെ പൂർവ്വികർക്ക് സത്ഗതിവരുത്തുവാനായി അക്ഷീണം പരിശ്രമിച്ചു. ഭഗീരഥൻ അനേകം വർഷങ്ങൾ സാഗരതീരത്ത് തപസ്സനുഷ്ടിച്ച് ഗംഗാദേവിയെ പ്രത്യക്ഷപ്പെടുത്തി, സ്വർഗ്ഗത്തിൽ നിന്നും താഴെ ഭൂമിയിലേയ്ക്ക് ഒഴുകി ഭസ്മാവശിഷ്ടരായിക്കിടക്കുന്ന തന്റെ പൂർവ്വികന്മാർക്കുമേൽ പതിച്ച് അവർക്ക് സത്ഗതിനലകണമെന്ന് ഗംഗാദേവിയോട് അപേക്ഷിച്ചു. തന്റെ ശക്തിയായ പ്രവാഹത്തെ താങ്ങാൻ ഭൂമിക്ക് സാധ്യമല്ലെന്നും, ശ്രീപരമേശ്വരൻ സമ്മതിക്കുന്നപക്ഷം അദ്ദേഹത്തിന്റെ ജടയിലേയ്ക്ക് ഞാൻ പ്രവഹിക്കാമെന്നും ഗംഗാദേവി അരുൾചെയ്തു. ഇതനുസ്സരിച്ച് ശിവനെ പ്രസാദിപ്പിക്കുന്നതിനായി ഭഗീരഥൻ കൈലാസപാർശ്വത്തിൽ ചെന്ന് ജടാവല്ക്കലധാരിയായി ശിവനെ തപം ചെയ്യാനാരംഭിച്ചു. അനേകവർഷങ്ങൾക്കുശേഷം ശിവൻ പ്രത്യക്ഷനായി ഭഗീരഥന്റെ ആഗ്രഹത്തെ നിവർത്തിക്കുവാൻ സമ്മതമറിയിച്ചു. അഹങ്കാരത്തോടെ ജടയിലേയ്ക്ക് പതിച്ച ഗംഗയെ ശിവൻ ജടയിൽ ഒതുക്കി. പുറത്തുവരാനാകാതെ അനേകവർഷങ്ങൾ ഗംഗാദേവി ജടയ്ക്കുള്ളിൽ കഴിഞ്ഞു. ഭഗീരഥൻ വീണ്ടും തപസ്സുചെയ്ത് ശ്രീപരമേശ്വരനെ പ്രസാദിപ്പിച്ച് ഗംഗയെ താഴേയ്ക്ക് ഒഴുക്കുവാൻ അപേക്ഷിച്ചു. അപ്പോൾ ശിവൻ ജട കുടഞ്ഞ് ഗംഗയെ പുറത്തുവിട്ടു. അങ്ങിനെ ഹിമാലയത്തിൽ പതിച്ച ഗംഗ അവിടെനിന്നും ഒഴുകി ക്രമേണ പാതാളത്തിലെത്തുകയും സഗരപുത്രന്മാർക്ക് സത്ഗതി നൽകുകയും ചെയ്തു.