ശിഖിനിശലഭം

കിരാതം ആട്ടക്കഥയിൽ രംഗം 3ൽ ഗൗരീശം മമ എന്ന പദത്തിനു മുന്നേ തപോവനം കാണുമ്പോൾ അർജ്ജുനൻ ശിഖിനിശലഭം എന്ന ഈ ആട്ടം ആടാറുണ്ട്. 
ദേവയാനി സ്വയംവരം ആട്ടക്കഥയിൽ കചൻ ശുക്രാചാര്യരുടെ തപോവനം കാണുമ്പോളും ഇത് ആടാറുണ്ട്.

ശിഖിനി ശലഭോ ജ്വാലാചക്രൈർന വിക്രിയതേ പതൻ 
പിബതി ബഹുശഃ ശാർദ്ദൂലീനാം സ്തനം മൃഗശാബക:
സ്പൃശതി കളഭോ സൈംഹീം ദംഷ്ട്രാം മൃണാളധിയാ മുഹുർ-
നയതി നകുലം നിദ്രാതന്ദ്രീo  ലിഹന്നഹിപോതക:
 
(വൃത്തം:  ഹരിണി; ലക്ഷണം:  നസമ ഹരിണിക്കാറും പത്തും മുറിഞ്ഞു രസം ലഗം)
 
(അന്വയം: (നാല് പൂര്‍ണ്ണവാചകങ്ങള്‍):  ശിഖിനി പതൻ ശലഭ: ജ്വാലാചക്രൈ: ന വിക്രിയതേ;  മൃഗശാബക: ബഹുശഃ ശാർദ്ദൂലീനാം സ്തനം പിബതി; കളഭ: മൃണാളധിയാ സൈംഹീം ദംഷ്ട്രാം സ്പൃശതി;  അഹിപോതക: നകുലം   ലിഹൻ നിദ്രാതന്ദ്രീo
 
പദാനുപദം:  ശിഖാവത്തിൽ (അഗ്നിയിൽ) പതിച്ചതായിട്ടും  ശലഭം ജ്വാലാചക്രങ്ങളാൽ (തീജ്വാലകളാൽ) വിക്രിയനാകപെടുന്നില്ല  (മാറ്റം വരുത്തിയതാകപെടുന്നില്ല - നശിക്കുന്നില്ല).  മൃഗശാബകം (മാൻകിടാവ്) ധാരാളമായി (ആവശ്യം പോലെ) ശാർദ്ദൂലികളുടെ (പെൺപുലികളുടെ) സ്തനം പാനം ചെയ്യുന്നു.  കളഭം (ആനക്കുട്ടി) മൃണാളം എന്ന ബുദ്ധിയോടുകൂടി (താമര എന്ന് വിചാരിച്ച്) സിംഹീപരമായ (പെൺസിംഹത്തിന്റേതായ) ദംഷ്ട്രയെ  സ്പർശിക്കുന്നു.  അഹിപോതകം (പാമ്പിൻ കുട്ടി) നകുലത്തെ (കീരിയെ) ലിഹൻ ആയിക്കൊണ്ട് (നക്കിക്കൊണ്ട്) നിദ്രാതന്ദ്രിയിലേക്ക് (സുഖനിദ്രയിലേക്ക്) നയിക്കുന്നു (ഉറക്കുന്നു)
 
സുഭദ്രാധനഞ്ജയം ഒന്നാമങ്കത്തിൽ, ധനഞ്ജയൻ തീർത്ഥയാത്രാവസാനം ഗദൻ  പറഞ്ഞതനുസരിച്ച്, സുഭദ്രയിൽ അനുരക്തനായി, അവളെ കിട്ടുവാനുള്ള തിടുക്കത്തിൽ, സഹചാരിയായിരുന്ന കൗണ്ടിന്യനെ ബഹുദൂരം പുറകിലാക്കി, വേഗത്തിൽ നടക്കുന്നതിനിടെ പ്രഭാസതീർത്ഥത്തിലെ ഒരു ആശ്രമപരിസരത്ത് എത്തിയ മട്ടിലുള്ള വിസ്തരിച്ച പ്രവേശത്തിനിടെ, ആ ആശ്രമത്തിലെ പ്രശാന്തത കണ്ട് അനുഭവിക്കാൻ പാകത്തിനുള്ള മൂല നാടകത്തിൽ   തന്നെ എഴുതപ്പെട്ടതായ ധനഞ്ജയന്റെ ആത്മഗതം ആണ് പ്രതിപാദ്യം.  (ഒന്നാമങ്കം, ഇപ്പോഴത്തെ നിലയിൽ ഒന്നാം ദിവസം) 
 
മൂലത്തിലെ എന്ന് പറഞ്ഞുവെങ്കിലും, ഒരു കാര്യം കൗതുകകരമാണ്.  ധനഞ്ജയം നാടകത്തിലെ ഒട്ടു മിക്ക പദ്യങ്ങൾക്കും "വ്യoഗ്യവ്യാഖ്യാ) രൂപത്തിൽ "ധ്വനി" നാടകകർത്താവ് തന്നെ എഴുതിയിട്ടുണ്ടത്രെ.  (ധ്വനി:  ഗൂഢമായ വ്യാഖ്യാനം).  എന്നാൽ ഈ ശ്ലോകത്തിന് ധ്വനി എഴുതിയിട്ടില്ല.  ഡോക്ടർ കെ.ജി പൗലോസ് അഭിപ്രായപ്പെടുന്നു:
 
"The absence of dhwani can be cited as the reason for its omission.  Or, the elaboration of descriptive verses might be improvisation of actors at a later stage"
 
വ്യംഗ്യവ്യാഖ്യയിലെ ധ്വനിയുടെ ഒരു ഉദാഹരണം പ്രാസംഗികമായി  പറയാം.  ഒന്നാമങ്കത്തിൽ അർജ്ജുനനാൽ രക്ഷിക്കപ്പെട്ട കന്യക, പെട്ടെന്ന് അപ്രത്യക്ഷമാകുന്നു.  കൗണ്ടിന്യൻ, "അവൾ എങ്ങിനെ തിരോധാനം ചെയ്തു?" എന്ന മട്ടിലുള്ള ഒരു ചോദ്യമുണ്ട്.  അതിന് ധനഞ്ജയന്റെ ഉത്തരം ഇങ്ങിനെയാണ്‌:
 
"അന്തർഹിതേന കേന അപി അന്തർദ്ധാനം ഉപനീതയാ ഭവിതവ്യം"
 
("മറഞ്ഞിരുന്ന ആരാലെങ്കിലും അപ്രത്യക്ഷതയിലേക്ക് നയിക്കപ്പെട്ടവൾ ആയതായിരിക്കാം" - ഇതാണല്ലോ പ്രത്യക്ഷമായ അർഥം)
 
ഇതിന്റെ വ്യംഗ്യവ്യാഖ്യ ഇതാണ്:
 
"മറഞ്ഞിരുന്ന ഗരുഡനാൽ തന്നെ മറയ്ക്കപ്പെട്ടവൾ ആയിരിക്കും"
 
ഇവിടെ ക: എന്ന ശബ്ദത്തിന് ധ്വനി ഉണ്ട്.  പ്രത്യക്ഷാർത്ഥം "ആർ" എന്നതുകൊണ്ട്, കേന - ആരാൽ? എന്നാൽ  "ധ്വനൗ താർക്ഷ്യ:"  (ധ്വനികൊണ്ട് ഗരുഡൻ) എന്നാണ് വ്യാഖ്യാ.  അതുകൊണ്ട്, ഗരുഡനാൽ മറയ്ക്കപ്പെട്ടു എന്ന് വരുന്നു.