തേരുകൂട്ടിക്കെട്ടൽ

കാലകേയവധം ഒന്നാം രംഗത്തിൽ മാതലിയുടെ ഭവദീയനിയോഗം എന്ന പദത്തിനു ശേഷം മാതലിയുടെ ആട്ടമാണിത്.
ഇന്ദ്രൻ രംഗത്തുനിന്ന് നിഷ്ക്രമിച്ചശേഷം മാതലി അർജ്ജുനനെ കൂട്ടിക്കൊണ്ടുവരാനായി പുറപ്പെടുകയാണ്. ഇന്ദ്രന്റെ ആജ്ഞയനുസരിച്ച്, മാതലി രഥം തയ്യാറാക്കുന്നു. മാതലിയുടെ വേഷം ധരിക്കുന്ന നടൻ രഥം തയ്യാറാക്കുന്ന ഒരു സവിശേഷ രംഗാവിഷ്കാരം നടത്താറുണ്ട്. ഇതിനെ "തേരുകൂട്ടിക്കെട്ടൽ'" എന്നു വിളിയ്ക്കുന്നു. ശാസ്ത്രീയമായ ശരീരാഭിനയം കൊണ്ട് രംഗത്ത് ഒരു തേരിന്റെ പ്രതീതി ജനിപ്പിയ്ക്കുകയാണ് ഈ ആട്ടത്തിലൂടെ നടൻ ചെയ്യുന്നത്. കലാമണ്ഡലം ശൈലിയിൽ ഉള്ള തേരുകൂട്ടിക്കെട്ടൽ ആട്ടം താഴെ ചേർക്കുന്നു: 
കാൽ പരത്തി ചവിട്ടി ഒന്നുരണ്ടു ചാടിയ (ഉത്സാഹസൂചന) ശേഷം "ഇനി വേഗം തേർ (വലത്തോട്ട് വെച്ചിരുത്തി) കൂട്ടി (പിന്നോക്കം മാറുമ്പോൾ) കെട്ടുക (ഇടത്തോട്ടു കെട്ടിച്ചാടി) തന്നെ. (പിന്നോക്കം മാറി) കൈപ്പടം മറിച്ച് നോക്കിക്കൊണ്ട് ഒരുവട്ടം അഡ്ഡിഡ്ഡിക്കിട വെച്ചശേഷം ഇടതുകോണിലേക്ക് തിരിഞ്ഞ് കൈ കെട്ടി രഥം കണ്ട് ആദ്യം വൃത്തത്തിലും, പിന്നെ നേരെ മുകളിലേക്കും താഴേക്കും നോക്കിയ ശേഷം ഇടതുകോണിലേക്ക് ഓടിച്ചെന്ന് രഥം ഇടതുകൈകൊണ്ട് പിടിച്ച് കൊണ്ടുവന്ന് ഒന്നുലച്ചു വിടുക. പിന്നെ ഇടം-വലം (മുന്നിൽ) ഇടം-വലം (പിന്നിൽ) എന്ന ക്രമത്തിൽ കോണുകളിലേക്കായി ആദ്യം ചക്രവും പിന്നെ ചക്രത്തിന് മീതെ പലകയും നിരത്തി ആണിയടിച്ചുറപ്പിക്കുക. നാലുകോണിലും തൂണുകൾ നാട്ടി ആണിയടിക്കുക. തേർത്തട്ട് എന്ന് കാണിച്ച് (ഇരിപ്പിടം) നാലുപുറവും ഉത്തരം നിരത്ത് നാൽ ആണിയടിച്ച് ഉറപ്പിക്കുക. നേരെ നടുവിൽ വലം കാൽ തൂക്കിവെച്ച് ഇടംകാൽ മുന്നോട്ട് ചവിട്ടി 'കൊടിമരം' നാട്ടി മുകളിൽ നിന്ന് താഴേക്കായി മൂന്ന് ആണികൾ അടിച്ച് മുറുക്കുക. വലം കയ്യാൾ 'പതാക' കാറ്റിലാടുന്നതായും മുകളിൽ ബന്ധിച്ചതായും കാണിച്ചശേഷം കൈകെട്ടി താണുനിന്ന് മുൻപോലെ നോക്കി രഥം പരിശോധിച്ച് ഒന്നു പിടിച്ചിളക്കി നോക്കിയശേഷം 'ഒട്ടും ഇളക്കമില്ലാ' എന്നും 'ഇനി കുതിരകളെ കെട്ടുകതന്നെ' എന്നും കാണിക്കുക. ചാട്ടവാർ ഇളക്കിക്കൊണ്ട് 'അഡ്ഡിഡ്ഡിക്കിട' വെച്ച് നേരെ നടുവിലേക്ക് വന്ന് ഇടംകയ്യാൽ പിടിച്ച് കുതിരകളെ മുൻക്രമത്തിൽ നാലിടത്തായി നിർത്തുമ്പോൾതന്നെ ഓരോ കെട്ടും കെട്ടുകയും പിന്നെ നാലിനേയും കെട്ടിച്ചാടി വെവ്വേറെ കെട്ടുകയും ചെയ്ത് നാലിന്റേയും കടിഞ്ഞാൺ വെവ്വേറെ പിടിച്ച് കൂട്ടിയ ശേഷം, "എല്ലാം ആയി, ഇനി വേഗം അർജ്ജുനന്റെ സമീപത്തേക്ക് പോവുകതന്നെ" എന്നുകാണിച്ച് നാലമിരട്ടിയെടുത്ത് കലാശത്തോടൊപ്പം രഥത്തിന്റെ മുന്നിലേക്ക് ചാടിക്കയറുന്നു. കടിഞ്ഞാൺ പിടിച്ച് രണ്ടുമൂന്നുതവണ തെളിച്ച് കാൽ കുത്തി മാറിക്കൊണ്ട് പിൻതിരിയുന്നു.
 
അനുബന്ധ വിവരം: 
1) തേരുകൂട്ടിക്കെട്ടൽ എന്ന ആട്ടം വിവിധ കളരികളിൽ ചെറിയ വ്യത്യാസങ്ങളോടെയാണ് പഠിപ്പിയ്ക്കുന്നത്.