സൗഗന്ധികം ഹനൂമാൻ വിചാരം

കല്യാണസൗഗന്ധികം രംഗം ഒമ്പതിൽ ഹനൂമാന്റെ ആലോചനയും പ്രവൃത്തിയും.

വെള്ളത്താടി വേഷമായ ഹനൂമാന് സൗഗന്ധികത്തിൽ തിരനോക്ക് ഇല്ല. തിരനോക്ക് ഇല്ലാതെ ഹനൂമാൻ പ്രത്യക്ഷമാകുന്ന ഏക കഥകളിയാണ് കല്യാണസൗഗന്ധികം. കദളീവനത്തിൽ തപോലീനനായിരിക്കുന്ന നിലയിൽ ആണ് ഹനുമാൻ രംഗത്ത് പ്രത്യക്ഷമാകുന്നത്.
ഭീമന്റെ വനയാത്രാകോലാഹലം കേട്ട് ഞെട്ടിയുണരുന്ന ഹനുമാൻ ശബ്ദവർണ്ണന എന്ന സവിശേഷ രംഗാവിഷ്കാരം നടത്തുന്നു. സാധാരണമായി ഇവിടുത്തെ രംഗപ്രകാരം ഇങ്ങനെയാണ്: നാലാമിരട്ടിമേളത്തോടെ തിരശ്ശീല താഴ്ത്തുമ്പോള്‍ ഹനുമാന്‍ രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്ന് തപസ്സുചെയ്യുന്നു. എന്തോശബ്ദം ശ്രവിച്ച് ഞെട്ടിയുണരുന്ന ഹനുമാന്‍ ഇരുവശങ്ങളിലും ശ്രദ്ധിച്ചിട്ട്, ചിന്തിച്ച്, സമാധാനിച്ച് വീണ്ടും ധ്യാനനിരതനാകുന്നു. നിമിഷങ്ങള്‍ക്കകം വീണ്ടും ഞെട്ടിയുണരുന്നു. ഇരു വശങ്ങളിലേക്കും സാവധാനം നോക്കിയിട്ട്  ‘എന്റെ മനസ്സ് ഇളകുവാന്‍ കാരണമെന്ത്?’ (ആലോചിച്ച്, സമാധാനിച്ച്) ‘എന്തായാലും മനസ്സ് ഉറപ്പിക്കുകതന്നെ’. ഹനുമാന്‍ ശരീരത്തിന്റെ ഇരു വശങ്ങളിലും നടുവിലുമായി മൂന്ന് നാഡികളേയും(ഇഡ, പിംഗള, സുഷുമ്ന) ബന്ധിച്ചുറപ്പിച്ച് വീണ്ടും ധ്യാനത്തില്‍ മുഴുകുന്നു. അല്പസമയത്തിനകം ശബ്ദംകേട്ട് മൂന്നാമതും ധ്യാനത്തില്‍ നിന്നും ഉണരുന്ന ഹനുമാന്‍ അലറിക്കൊണ്ട് എഴുന്നേറ്റ് ഇരുവശങ്ങളിലേക്കും മാറി മാറി നോക്കുന്നു.  ‘ഏറ്റവും ഭയങ്കരമായ ശബ്ദം കേള്‍ക്കുന്നതെന്ത്? പര്‍വ്വതങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടിയുള്ള ശബ്ദമാണോ?’ (വിചാരിച്ച് ഉറച്ചിട്ട്) ‘അല്ല. പണ്ട് ഇന്ദ്രന്‍ തന്റെ വജ്രായുധംകൊണ്ട് പര്‍വ്വതങ്ങളുടെ ചിറകുകള്‍’ (ഇന്ദ്രനായി പര്‍വ്വതങ്ങളുടെ ചിറകുകള്‍ മുറിക്കുന്നതായി ആടിയിട്ട്) ‘ഇപ്രകാരം ചെയ്തിട്ടുണ്ട്. [പര്‍വ്വതങ്ങള്‍ക്ക് പണ്ട് ചിറകുകള്‍ ഉണ്ടായിരുന്നു എന്നും, അവ യഥേഷ്ടം പറന്നുനടന്നിരുന്നു എന്നും, ചിറകുകള്‍ അറുത്ത് അനങ്ങാനാവാതെ അതാതിടത്ത് അവയെ ഇരുത്തിയത് ഇന്ദ്രനാണെന്നുമാണ് പുരാണകഥ] ‘അതുകൊണ്ട് പര്‍വ്വതങ്ങളുടെ ശബ്ദമല്ല. പിന്നെ യെന്താണ് ? പ്രപഞ്ചനാശകാലം വന്നുവോ?’ (വിചാരിച്ച്, എല്ലായിടവും നോക്കികണ്ടിട്ടും, ശബ്ദങ്ങള്‍ കേട്ടിട്ടും) ‘വൃക്ഷങ്ങള്‍ തളിരുകളോടും പുഷ്പങ്ങളോടും കൂടി ശോഭിച്ചുകാണുന്നു. പക്ഷികളുടേയും മൃഗങ്ങളുടേയും ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്. അതിനാല്‍ പ്രപഞ്ചനാശകാലം ആയിട്ടില്ല.’ ഹനുമാന്‍:‘പിന്നെ എന്ത്? (ദൂരെ എന്തോകണ്ട് സൂക്ഷിച്ചുനോക്കിയിട്ട്) ‘അതാ, ഒരു മനുഷ്യന്‍ കൈയ്യിലുള്ള തടിച്ച ഗദകൊണ്ട് വൃക്ഷങ്ങളെ തല്ലിതകര്‍ത്തുകൊണ്ട്, വഴിയുണ്ടാക്കി നേരേ വരുന്നു. ഈ ഗംഭീര പുരുഷന്‍ ആരാണ്? ആകട്ടെ, ആലോചിച്ച് അറിയുകതന്നെ’ ഹനുമാന്‍ നാലാമിരട്ടി ചവുട്ടി, പദം അഭിനയിക്കുന്നു. 
പദത്തിനു ശേഷം ഹനുമാന്‍ ‘ഇവന്‍ ഈ വഴിയെ വരുവാന്‍ കാരണമെന്ത്?‘ (ധ്യാനിച്ചിട്ട്) ‘ഓ! മനസ്സിലായി, ഭാര്യയുടെ ആഗ്രഹപ്രകാരം സൌഗന്ധികപൂക്കള്‍ തേടി വരികയാണ്. ഈ വഴിക്കുപോയാല്‍ സൌഗന്ധികം കിട്ടുകയില്ല. അതിനാല്‍ വഴിമാറ്റി അയക്കണം. അതിന് ഉപായമെന്ത്?’ (വിചാരിച്ചിട്ട്) ‘ആകട്ടെ, ഒരു വൃദ്ധനായി ഇവന്റെ മാര്‍ഗ്ഗം മുടക്കി കിടക്കുകതന്നെ’ ഹനുമാന്‍ നാലാമിരട്ടി എടുത്തിട്ട് പീഠത്തില്‍കയറി നിന്ന് ശ്രീരാമസ്വാമിയെ പ്രാര്‍ത്ഥിച്ച്, ശരീരത്തിന് ജാതുരത്വം വരുത്തുന്നു. കൈകാലുകള്‍ക്ക് ശക്തികുറഞ്ഞ്,ശരീരമാകെ വിറപൂണ്ട്, പാരവശ്യത്തോടെ നിലത്തുവീഴുന്ന ഹനുമാന്‍, നീങ്ങി ഭീമന്റെ മാര്‍ഗ്ഗത്തില്‍ വിലങ്ങനെ കിടക്കുന്നു.