വനവർണ്ണനയും ഗന്ധമാദന പർവ്വതവും

കല്യാണസൗഗന്ധികം രംഗം എട്ട് തന്നെ.
പാഞ്ചാലീസവിധത്തിൽ നിന്നു പിരിഞ്ഞ്, ഭീമൻ ഉത്സാഹ പ്രഹർഷം നടിച്ച് ‘ ഇനി വേഗം സൗഗന്ധികപ്പൂക്കൾ കൊണ്ടുവരാനായി കാറ്റിന്റെ ഗതി നോക്കി പുറപ്പെടുക തന്നെ.’ 
കുറേദൂരം സഞ്ചരിച്ച് ദൂരെ സ്ഥിതിചെയ്യുന്ന ഗന്ധമാദന പർവ്വതം നെടുനീളത്തിൽ ഇരുവശത്തേക്കും വിസ്തരിച്ച് നോക്കി കാണുന്നു.
(ഗന്ധമാദനപർവ്വതത്തിന്റെ താഴ്വരയിലൂടെ യാത്രതിരിക്കുന്ന ഭീമസേനൻ കാണുന്ന കാഴ്ച്ചകളുടെ വർണ്ണനയ്ക്കായി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ വിഖ്യാത കഥകളി ആചാര്യനായ പട്ടിയ്ക്കാംതൊടി രാവുണ്ണിമേനോന് ചില ആട്ടശ്ലോകങ്ങൾ എഴുതി നൽകുകയുണ്ടായി. അവയിൽ രണ്ടെണ്ണം എന്നും സാധാരണയായി രംഗത്ത് അവതരിപ്പിച്ചുവരുന്നു.)
ശ്ലോകം 1-
“പാഷാണപ്രകരാന്തസന്ധിസുലഭവ്യാലക്ഷ്യധാതുദ്രവഃ
പ്രാഗ്ഭാഗോപരിലോലനീലജലദ വ്യാലീഢ വപ്രസ്ഥലഃ
വിഷ്വക്കീർണ്ണവിശുഷ്കകാഷ്ഠഹുതഭുങ്നിഷ്ഠൂതധൂമോത്കരം
വ്യാധൂന്വൻ ഇവ ഗന്ധമാദനഗിരിർ ദൂരാദസൗ ദൃശ്യതേ.”
 
അർത്ഥം/ ആട്ടം: 
ചായില്യം, മനയോല ആദിയായ ധാതുദ്രവങ്ങൾ സമൃദ്ധമായി പാറക്കൂട്ടങ്ങളുടെ മുകളിൽ കാണപ്പെടുന്നതും, കാട്ടുതീയിൽ നിന്നുയർന്ന പുക മുകളിലേയ്ക്ക് പൊങ്ങിയതു പോലെ തോന്നുമാറ് മുകളിൽ ഇളകിയും കറുത്തതുമായ കാർമേഘക്കൂട്ടങ്ങൾ നിറഞ്ഞതുമായ ഗന്ധമാദനപർവ്വതം ഇതാ ദൂരെക്കാണുന്നു.
 
ശ്ലോകം 2-
“ഏതദ്‌ദുർഗ്ഗമമാർഗമുദ്ബണതൃണപ്രച്ഛന്ന മൃഛർക്കരം
വീരൂർഭിന്നമിതം ലതാവിലയിതൈരുത്തംഭിതം പാദപൈഃ
അന്യോന്യവ്യതിരിക്ത ദീർഘവികസഛാകോപ ശാഖാഛദൈഃ
ദൂരോൽസാരിത സൂര്യരശ്മി വിപിനം ധത്തേ തമോഗുംഭനം”
 
അർത്ഥം/ആട്ടം:
 ഈ ദുർഗ്ഗമമായ മാർഗ്ഗം ഉയരം കൂടിയ പുല്ലുകളും വള്ളിക്കൂട്ടങ്ങളും നീണ്ടു തടിച്ച ശിഖരങ്ങളോടുകൂടിയ വന്മരങ്ങളും കെട്ടുപിണഞ്ഞ് വഴിയടഞ്ഞു കാണുന്നു. ദൂരെ പ്രകാശിക്കുന്ന സൂര്യന്റെ രശ്മി കൂടി തട്ടാത്ത ഈ വനം ഇരുട്ടിന് പാത്രമായി ഭവിച്ചിരിക്കുന്നു.
 
ഈ രണ്ടെണ്ണം കൂടാതെ ചില നടന്മാർ അജഗരകബളിതം എന്നൊരു ആട്ടവും കാണിക്കാറുണ്ട്.  
ഇവിടെ ഭീമൻ ആദ്യം ആനയായും, അജഗരമായും പിന്നെ സിംഹമായും മാറി മാറി പകർന്നാടുന്നു. നടന്റെ അഭിനയസാമർത്ഥ്യം പ്രകടമാക്കുന്ന ഒരു മികച്ച ആട്ടമാണ് ഇത്.