കിർമ്മീരവധം നിണംവരവും കിർമ്മീരന്റെ പടപ്പുറപ്പാടും

കിർമ്മീരവധം രംഗം പതിമൂന്നിൽ കിർമ്മീരന്റെ ആട്ടം.

കിർമ്മീരൻ തിരനോട്ടം കഴിഞ്ഞ്-
എനിക്ക് ഏറ്റവും സുഖം ഭവിച്ചു. കാരണമെന്ത്? ഓ.. മനസ്സിലായി. എന്നെപ്പോലെബലവീര്യങ്ങളുണ്ടായിട്ട് ആരുമില്ല. അതുകൊണ്ട് എനിക്ക് ഏറ്റവും സുഖം ഭവിച്ചു.(വിചാരം) ഇനി ഞാൻ ചെയ്യേണ്ടത് എന്ത്? നിയമേനയുള്ള ശിവപൂജയ്ക്ക്സമയമായി. ദേവകളെ ജയിക്കാൻ ശിവൻ പ്രസാദിക്കുക തന്നെ വേണം. (ശ്രീകോവിൽ തുറന്ന്) ആദ്യം ശിവലിംഗത്തിൽ മൂന്നുപ്രാവശ്യം ജലം കൊണ്ട് അഭിഷേകം ചെയ്യുന്നു. പിന്നെ പുഷ്പാഞ്ജലി ചെയ്തു തൊഴുകയ്യോടെ ധ്യാനത്തിലിരിക്കുമ്പോൾ ശബ്ദം കേട്ട്, - എന്തെങ്കിലുമാകട്ടെ എന്ന് നടിച്ച്, പിന്നേയും ശബ്ദം അൽപ്പം കൂടുതൽ ഉച്ചത്തിൽ കേട്ടതായി നടിച്ച്, ഈ കേൾക്കുന്ന ശബ്ദം എന്താണ്? ങ്ഹാ എന്തോ ആകട്ടെ. ശിവഭജനം മുഴുമിക്കുക തന്നെ എന്ന് കാണിച്ച് വീണ്ടും ധ്യാനത്തിൽ ഇരിക്കുമ്പോൾ മൂന്നാം പ്രാവശ്യവും ശബ്ദം അത്യുച്ചത്തിൽ കേട്ട്, ഓഹോ ഇത് വലിയ കോലാഹലം തന്നെ ആണല്ലൊ, ഇതിനു കാരണം എന്താണെന്ന് അറിയുക തന്നെ. വേഗം ശ്രീകോവിൽ അടച്ച്, പിന്നോട്ട് മാറി തിരിഞ്ഞ്, (രംഗം മാറിയതായി നടിച്ച്) മുന്നോട്ട് ഓടിവന്ന് അഡ്ഢിഡ്ഢിക്കടവെച്ച് പീഠത്തിലേറി മുൻപിൽ കണ്ട്, ദൂരെ ഒരു രൂപം കാണുന്നതെന്ത്? ഇറങ്ങി ഇടത്തേ മുക്കിൽ മുന്നോട്ട് ഓടിച്ചെന്ന് നോക്കുന്നു. ശ്രദ്ധിക്കുന്നു. വീണ്ടും തിരിഞ്ഞ് പോന്ന് പീഠത്തിൽ ഇടത്തുകാൽ വെച്ചുകൊണ്ട് സംശയത്തോടെ, ഒരു സ്ത്രീയുടെ മൂക്കും മുലകളും മുറിയ്ക്കപ്പെട്ട് രക്തം അണിഞ്ഞുകൊണ്ട് അവൾ വരികയാണ്. ഇവളാരാണ്? വീണ്ടും മുന്നോട്ട് ചെന്ന് സൂക്ഷിച്ചുനോക്കി-എന്റെ സഹോദരിയോ (മനസ്സിലായി) അതെ, അതെ, കഷ്ടം കഷ്ടം ഇതെങ്ങിനെ സംഭവിച്ചു? ഇവളെ ഇപ്രകാരം ആക്കിയത് ആർ? അറിയുക തന്നെ.
(നിണമണിഞ്ഞ സിംഹിക അരങ്ങിന്റെ പിന്നിൽ നിന്നും രംഗത്തിൽ ഉള്ള കിർമ്മീരനു അഭിമുഖമായി നിലവിളിച്ചുകൊണ്ട് മുന്നോട്ട് കാലുറപ്പില്ലാത്ത നടയോടെ നീങ്ങുന്നു)
മാറിതിരിഞ്ഞ് ഇടത്ത് മുക്കിലേക്ക് മുന്നോട്ടും പിന്നോട്ടും മൂന്നുതവണ ഓടുകയും മൂന്നാം പ്രാവശ്യം രണ്ടു തവണ മാടിവിളിക്കുകയും വീണ്ടും ഒന്നുകൂടി ഓടിച്ചെന്നു വരുന്നു എന്ന് കാണിക്കുമ്പോഴേക്കും സിംഹിക രംഗത്തിൽ പ്രവേശിച്ച് കാൽക്കൽ വീഴുന്നു. അനുഗ്രഹിച്ച് ദേഹമാകെ സൂക്ഷിച്ചുനോക്കുന്നു. ‘കഷ്ടം ആരാണ് ഇങ്ങിനെ ചെയ്തത് എന്ന് വേഗം പറഞ്ഞാലും’ 
സിംഹിക പദം ആടുന്നു. സാധാരണയായി സിംഹിക നിണമണിഞ്ഞ് വന്നു ഈ പദം ആടുകയില്ല. സിംഹികയുടെ വരവും അവൾ പറയുന്നതുകേൾക്കുന്നതും വത്സേ കിന്തു എന്ന് മറുപടിയും കിർമ്മീരൻ ആടുകയേ ഉള്ളൂ.
‘ആകട്ടെ നീ ഒട്ടും ഖേദിക്കണ്ട. ഞാൻ അവന്റെ കഴുത്ത് അറുത്ത് ചോര നിനക്ക് (വാളിലെ രക്തം തുറ്റച്ച് ചോര വായിലേക്ക് ഒഴുക്കുന്നതായി കാണിക്കുന്നു) തന്നേക്കാം. എന്നാൽ പോരെ? (അനുസരണ കേട്ട്) എന്നാൽ വേഗം പോയാലും’ അനുഗ്രഹിച്ച് യാത്രയയച്ച് വീണ്ടും രംഗത്തിലേക്ക് തിരിഞ്ഞ്  ‘ഇനി ശത്രുക്കളോട് യുദ്ധത്തിനു ഒരുങ്ങുകതന്നെ’
 (പടപ്പുറപ്പാട്) വലത്തു നിന്ന് ഇടത്തോട്ട് ‘ദൂതനെ കണ്ട് ഏടോ ദൂതാ, തേർ വേഗം കൊണ്ടു വന്നാലും’ ഇടത്തുള്ള ദൂതനോട് ആയുധങ്ങൾ കൊണ്ടു വരുവാൻ കൽപ്പിക്കുന്നു. കൊണ്ടുവന്ന രഥം പരിശോധിക്കുന്നു. ആയുധങ്ങൾ വെവ്വേറെ വാങ്ങി രഥത്തിൽ വെച്ചു കെട്ടുന്നു. സ്വന്തം അരവാളു തുടച്ച് അരയിൽ കെട്ടുന്നു. തൃപുട വട്ടം തട്ടി പടപ്പട്ടയണിഞ്ഞ് ഭടന്മാരോട് യുദ്ധത്തിന്നു പുറപ്പെടുവാനും സാരഥിയോട് തേരു തെളിക്കുവാനും കൽപ്പിച്ച് പീഠത്തിൽ കയറി ഇളകി പുറപ്പെടുന്ന സൈന്യങ്ങളെ കണ്ട്  ‘നടപ്പിൻ, നടപ്പിൻ’ എന്ന് കാട്ടി ഇറങ്ങി ‘ഇനി വേഗം പുറപ്പെടുക തന്നെ’ നാലാമിരട്ടിയെടുത്ത് അന്ത്യത്തിൽ തേരിൽ ചാടിക്കയറി പോകുന്നു.