സിംഹികയുടെ കരിവട്ടം

കിർമ്മീരവധത്തിൽ രംഗം എട്ടിൽ ആണ് ഈ ആട്ടം വരുന്നത്.

സിംഹികയുടെ രൌദ്രമായ തിരനോട്ടത്തിനു ശേഷം സിംഹികയുടെ ആട്ടം (കരിവട്ടം); താളം: മുറിയടന്ത (രണ്ടാം കാലം) അടന്തവട്ടം
തിരതാഴ്ത്തുമ്പോള്‍ കൈയ്യില്‍ തൂപ്പുകളുമായി രംഗമദ്ധ്യത്തില്‍ നില്ക്കുന്ന സിംഹിക ആഹ്ലാദമായി ഉലഞ്ഞു കാല്‍ കുടഞ്ഞ് കലാശിക്കുന്നു.
സിംഹിക:(തന്റെ ദേഹമാസകലം ഒന്നു നോക്കിയിട്ട്) ‘ഛേ! വല്ലാതെ വൃത്തികേടായിരിക്കുന്നു. ഇനി ദേഹമൊന്ന് അലങ്കരിക്കുകതന്നെ’
തുടര്‍ന്ന് സിംഹിക ജടപിടിച്ച് ഒട്ടി കിടക്കുന്ന തലമുടി എണ്ണ പുരട്ടി വേര്‍പെടുത്തി പിന്നില്‍ തുമ്പുകെട്ടി ഒരുക്കുകയും, തോടകള്‍ അഴിച്ച് കാതില്‍ വീണ്ടും അണിയുകയും, കണ്ണില്‍ മഷി എഴുതുകയും, തിലകം തൊടുകയും ചെയ്ത് ദേഹം അലങ്കരിക്കുന്നു. അനന്തരം സന്തോഷത്തോടെ കുമ്മി,പന്തടി, തെരുപ്പറക്കുക തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നു. കളിച്ച് ക്ഷീണിതയായ സിംഹിക ഇരുന്ന് ഉത്തരീയം കൊണ്ട് വീശുന്നു.
സിംഹിക:‘എന്റെ ഭര്‍ത്താവ് മാംസം അന്വേഷിച്ച് പോയിട്ട് വളരെ നേരമായല്ലൊ, ഇനിയും വരാത്തതെന്ത്?’ (ചിന്തിച്ചിട്ട്) ‘ആകട്ടെ,അന്യൂഷിച്ച് പോവുകതന്നെ’ (നടക്കുന്നതിനിടയില്‍ ശംബ്ദം കേട്ടിട്ട്) ‘ഏ? മനുഷ്യരുടെ ശബ്ദം ഇങ്ങിനെ ഉയര്‍ന്ന് കേള്‍ക്കുന്നതെന്താണ്?’ (ശ്രദ്ധിച്ചുകൊണ്ട്) ‘അര്‍ജ്ജുനന് ജയം ഭവിക്കട്ടെ,അജ്ജുനന് ജയം ഭവിക്കട്ടെ, എന്നോ? എന്താണ് കാരണം?’ (വീണ്ടും ശ്രദ്ധിച്ചുകേട്ടിട്ട്) ‘നമ്മുടെ ശത്രുവായ ശാര്‍ദ്ദൂലനെ അജ്ജുനന്‍ കൊന്നു, എന്നോ? ഏ! അയ്യോ! എന്റെ ഭര്‍ത്താവിനെ വധിച്ചുവെന്നോ?’ (ശ്രദ്ധിച്ചു കേട്ട് തീര്‍ച്ചവരുത്തിയിട്ട്) ‘ഹാ! ദൈവമേ!’ (തലയിലും മാറിലും മാറിമാറി അടിച്ച്, അലറിക്കൊണ്ട്) ‘എനിക്കിനി ആശ്രയം ആരാണ്? ഞാന്‍ ഇനി എന്തു ചെയ്യേണ്ടു?’ (ആലോചിച്ചിട്ട്) ‘ആകട്ടെ ഇനി ചെയ്യേണ്ടതെന്തെന്ന് ആലോചിച്ചുറയ്ക്കുക തന്നെ.’
സിംഹിക നാലാമിരട്ടി ചവുട്ടിയിട്ട് ദു:ഖത്തോടും അമര്‍ഷത്തോടും കൂടി പദം അഭിനയിക്കുന്നു.
 
പദാഭിനയത്തിനുശേഷം ആട്ടം:
സിംഹിക:‘അതുകൊണ്ട് ഇനി വേഗം ഒരു സുന്ദരീരൂപം ധരിച്ച് സൂത്രത്തില്‍ ചെന്ന്, നല്ലവാക്കുകള്‍ പറഞ്ഞ് പാഞ്ചാലിയെ കൊണ്ടുപോരിക തന്നെ’
സിംഹിക നാലാമിരട്ടിയെടുത്ത് പ്രത്യക്ഷമുദ്രയോടെ ലളിതയായി ചമഞ്ഞ്, ലാസ്യഭാവത്തില്‍ ഏതാനം ചുവടുകള്‍ വെച്ചിട്ട് നിഷ്ക്രമിക്കുന്നു.