എന്തിഹ മന്മാനസേ സന്ദേഹം വളരുന്നൂ
കഴിഞ്ഞ രംഗത്തിൽ ദുര്യോധനനും ദുശ്ശാസനനും പോയ ശേഷം അരങ്ങത്ത് കർണ്ണൻ ഒറ്റയ്ക്ക് ആവുകയും കർണ്ണന്റെ ആട്ടവും ആണ്. കർണ്ണൻ നടന്ന് ഗംഗാതീരത്ത് എത്തുന്ന പ്രതീതി ഉളവാക്കുന്നു . സ്നാനം ചെയ്ത് മണല്‍തിട്ടയില്‍ ഇരുന്ന് ഈശ്വരപ്രാര്‍ത്ഥന ആരംഭിക്കുന്നു . തെല്ലിട കഴിഞ്ഞ് ധ്യാനത്തിന് ഭംഗം നേരിടുന്നു . എന്താണ് കാരണം എന്ന് മനസ്സിലാവുന്നില്ല . വീണ്ടും ധ്യാനം തുടങ്ങുകയും വീണ്ടും അതിനു ഭംഗം ഉണ്ടാവുകയും ചെയ്യുന്നു . മനസ്സില്‍ കുറേക്കാലമായിക്കിടക്കുന്ന സംശയങ്ങളാണ് കാരണമെന്ന് വിശദമാക്കുന്നു. ഇത്രയും ആടിയശേഷം ആണ് പദം ആടുക.
പിന്നീട് കുന്തി വരുന്നു. സദസ്യരുടെ ഇടയിലൂടെ ആയിരിക്കും കുന്തിയുടെ വരവ്. സന്ദര്‍ശകരുടെ നടുവിലൂടെ കുന്തി മന്ദം മന്ദം കയറി വരുന്നു . കുന്തിയെ ദൂരേ കണ്ടിട്ട് കര്ണ്ണന് എഴുന്നേറ്റ് : “ ആരാണ് ഈ സ്ത്രീ ? എവിടുന്നു വരുന്നു ? എന്തിനു വരുന്നു ? എന്തൊരു ദിവ്യസൌന്ദര്യം ! എന്തൊരു പ്രൌഢി ! ദേവീദേവന്മാര് ആരാനും ആരാനും ഭൂമിയിലേക്ക് ഇറങ്ങി വന്നിരിക്കുന്നുവോ ? എന്തെന്നറിഞ്ഞില്ല . എന്റെ മനസ്സിന് ഇളക്കമുണ്ടാവുന്നു . മാതാവിനോട് എന്ന പോലെയുള്ള ഒരു സ്നേഹം എന്റെ ഹൃദയത്തില്‍ നുരഞ്ഞു പൊങ്ങുന്നു . ഇതുപോലെ ഒരു അനുഭവം എനിക്ക് ഇന്നേ വരെ ഉണ്ടായിട്ടില്ല . എന്താണ് ഇതിന് കാരണം ? സ്ത്രീ ഇങ്ങ് അടുത്ത് എത്തിയല്ലോ ? എന്നെ കാണാന്‍ വന്നതാണ് , തീര്‍ച്ച . “. കുന്തി രംഗത്ത് കയറുന്നു . കര്ണ്ണന് പെട്ടെന്ന് ആളെ തിരിച്ചറിയുന്നു . “ അല്ലാ , ആരാണിത് ? പഞ്ചപാണ്ടവരുടെ മാതാവായ കുന്തീദേവിയോ ? അത്ഭുതം തന്നെ ! “
ശേഷം അടുത്ത പദം.