കഥാ സാരാശം
ബ്രാഹ്മണന്‍ പറഞ്ഞത് സത്യമാണ് എന്നു കരുതി കുണ്ഡിനത്തില്‍ എത്തിയ നളന്‍ സ്വയംവരത്തിന്റേതായ ഒരുക്കങ്ങള്‍ ഒന്നും കണ്ടില്ല. ദമയന്തിയാവട്ടെ സഖിമാരോട് കൂടി നളന്റെ വരവും കാത്ത് അക്ഷമയായി ഇരിക്കുന്നു. അതിവേഗത്തില്‍ വരുന്ന തേരു കണ്ട് ദമയന്തി വളരെ അധികം സന്തോഷിക്കുന്നു. പക്ഷേ തേരില്‍ ഉണ്ടായിരുന്ന മൂന്നു പേരില്‍ നളനെ മാത്രം കണ്ടില്ല. സ്വല്‍പ പുണ്യയായവളാണ് താന്‍ എന്നും ദമയന്തി സഖിമാരോട് കുണ്ഡിതപ്പെട്ടു. ഋതുപര്‍ണ രാജാവിന്റെ തേരാളി നളനാണോ എന്നറിയാന്‍ ദമയന്തി കേശിനി എന്ന സഖിയെ പറഞ്ഞയക്കുന്നു
ദമയന്തിയുടെ അഭ്യര്‍ത്ഥന പ്രകാരം, കേശിനി എന്ന തോഴി സത്യാവസ്ഥ അറിയാന്‍ സാരഥിയുടെ അടുത്ത് ചെന്ന് സൂത്രത്തില്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നു. ബാഹുകന്‍ ആണു താന്‍ എന്നും ഋതുപര്‍ണ്ണ രാജാവിന്റെ തേരാളിയാണ് എന്നും ബാഹുകന്‍ കേശിനിയോട് മറുപടി നല്‍കുന്നു. ഋതുപര്‍ണ്ണ രാജാവിന്റെ അപ്രതീക്ഷിതമായ വരവ് എന്തിനാണു എന്ന് കേശിനിയുടെ ചോദ്യത്തിന് ദമയന്തിയുടെ രണ്ടാം സ്വയംവരമാണ് എന്നും അതിനായി മറ്റ് രാജാക്കന്മാര്‍ എല്ലം വരുന്നുണ്ടെന്നും, നളനെ വെടിഞ്ഞ് ദമയന്തി മറ്റൊരു രാജവിനെ വരിക്കുന്നു എന്നാണ് തനിക്കു കിട്ടിയ വിവരം എന്നും ബാഹുകന്‍ മറുപടി പറഞ്ഞു. സാകേതതില്‍ വന്ന പര്‍ണാദനോട് നീ എന്തണു മറുപടി പറഞ്ഞത് എന്ന് കേശിനി ചോദിച്ചപ്പോള്‍ ബാഹുകന്‍ ഇപ്രകാരം മറുപടി നല്‍കി, കുലവധുകള്‍ സാധാരണ ക്ഷോഭിക്കാറില്ല എന്നും ലോകസാക്ഷികള്‍( വായു,ജലം,അഗ്നി) പലരില്ലേ എന്നും ബാഹുകന്‍ മറുപടി നല്‍കി.
ബാഹുകന്‍ ദമയന്തിയേയും മക്കളേയും പറ്റി ചോദിക്കുന്നതും സാധാരണ ആടി കാണാറുണ്ട്.അതിനുശേഷം രംഗത്തില്‍ നിന്നും വിടപറയുന്ന കേശിനി ബാഹുകന്റെ ഒരോ പ്രവര്‍ത്തിയും മറഞ്ഞു നിന്ന് വീക്ഷിക്കുന്നു. ബാഹുകന്‍ ഭക്ഷണം പാചകം ചെയ്യുന്നതും,പാത്രത്തില്‍ ജലം നിറക്കുന്നതും, അഗ്നി ജ്വലിപ്പികുന്നതും രഥത്തിലെ വാടിയ പൂക്കളേയും തളിരുകളേയും സ്പര്‍ശിക്കുന്നതും ഉടന്‍ തന്നെ പുഷ്പങ്ങള്‍ വിടരുന്നതും ആയ എല്ലാ പ്രവര്‍ത്തികളും കേശിനി മറഞ്ഞു നിന്നു കാണുന്നു. ( ഈ രംഗങ്ങള്‍ നളന്‍ കെട്ടുന്ന നടനെ സംബന്ധിചിടുത്തോളം വളരെ പ്രാധാന്യം ഉള്ളതാണ്.നാലാം ദിവസത്തിലെ പ്രധാന ആട്ടവും ഇതു തന്നെയാണ്)
വന്നിരിക്കുന്നത് നളന്‍ തന്നെ എന്നു മനസിലാക്കിയ ദമയന്തി ബാഹുകനെ അന്തപുരത്തിലേക്ക് വിളിപ്പിച്ചു. എന്നാല്‍ ബാഹുകന്റെ രൂപം കണ്ട് സംശയ നിവാരണത്തിനായി ദമയന്തി വീണ്ടും വീണ്ടും ബാഹുകനോട് ഓരോന്ന് ചോദിക്കുന്നു.പ്രിയതമന്റെ വൈകൃത രൂപം ദമയന്തിയെ വളരെ അധികം വേദനിപ്പിച്ചു.ദമയന്തിയുടെ നള വിരഹദുഖം കണ്ട് നളനും അത്ഭുത ആനന്ദ വിവശയായി. കലി ബാധ നീങ്ങിയ ബാഹുകന്‍ കാര്‍ക്കോടകന്‍ കൊടുത്ത വസ്ത്രം ധരിച്ചതും നളനായി മാറി. സന്തോഷം കൊണ്ട് പ്രിയതമനെ സമീപിച്ച ദമയന്തിയെ തടഞ്ഞു കൊണ്ട് വളരെ ദേഷ്യത്തില്‍ ഇപ്രകാരം ചോദിച്ചു,ദമയന്തിയുടെ രണ്ടാം വിവാഹത്തിന്റെ കാരണമെന്താണെന്നും എന്നോടുള്ള പ്രതികാരം തീര്‍ക്കാന്‍ അല്ലേ എന്നും ചോദിച്ചു, താന്‍ രാജാവിനെ കൊണ്ട് വന്നത് അതിന്റെ തെളിവാണെന്നു കൂടി പറഞ്ഞപ്പോള്‍ ദമയന്തിക്ക് മറുപടി ഉണ്ടായില്ല. തന്റെ ഉദ്ദേശശുദ്ധി വ്യക്തമാക്കിയെങ്കിലും നളന്റെ രോഷം ശമിച്ചില്ല. ആ സമയം വായുഭഗവാന്റെ അശരീരി ദമയന്തിയുടെ നിര്‍ദോഷത്വം അരുള്‍ ചെയ്തു. ഇതു കേട്ട ഉടന്‍ നളന്‍ തന്റെ കാല്‍ക്കല്‍ വീണ ദമയന്തിയെ ആശ്വസിപ്പിച്ചു, ഈ സമയം ആകാശത്ത് നിന്ന് പുഷ്പവൃഷ്ടിയുമുണ്ടായി. ഞങ്ങളെ ഒരിക്കലും പിരിക്കരുതേ എന്ന് നളദമയന്തിമാര്‍ ലോകപാലന്മാരോട് പ്രാര്‍ത്ഥിച്ചു.